ലോകമഹായുദ്ധങ്ങൾ മുതൽ കോവിഡ് വരെ; മലയാള സിനിമ അതിജീവിച്ചു കഴിഞ്ഞു, ഇനി വിജയനാളുകൾ..
നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് സിനിമ എന്ന കലാരൂപം ഇന്നും തുടര്‍ന്ന് പോരുന്നത്. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ചാണ് സിനിമ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നത്. ഇനി ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കണമെന്നുമില്ല, 2020 മുതലിങ്ങോട്ട് ലോകത്തെയാകമാനം ബാധിച്ച മഹാമാരിയിലും സിനിമ കുലുങ്ങിയില്ല. കൊവിഡിന് ശേഷം അതിജീവിക്കാനാവില്ലെന്നും പലകോണുകളില്‍ നിന്ന് നമ്മള് കേട്ടിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ വിലയിരുത്തി സംവിധായകന് അനുരാജ് മനോഹര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ( Anuraj Manohar about the revival of Malayalam cinema )
രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച വിപ്ലവ പരമ്പര്യമുണ്ട് സിനിമയ്ക്ക്. കൊവിഡിന് ശേഷം നവതരംഗ സോഷ്യല്‍ മീഡിയ ബ്ലാസ്റ്റില്‍ ചത്ത് പോകുമെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ സിനിമ വ്യവസായം നട്ടെല്ല് നിവര്‍ത്തി ഉയിര്ത്തെഴുന്നേല്ക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ളത്. തിയേറ്ററുകള്‍ തിങ്ങി നിറഞ്ഞ് സിനിമകള്‍ ഓടുകയാണ് നല്ല സിനിമകള്‍ ഇനി ഒട്ടനവധി വരാനും ഇരിക്കുന്നുണ്ട് . കുതിച്ചു പായുന്ന സിനിമ വ്യവസായം ചലിപ്പിക്കുന്നത് ഒട്ടനവധി ജീവിതങ്ങളുടെ പ്രതീക്ഷകളും കൂടെയാണ്- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ വിജയസിനിമകളെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
പാന്‍ഡമിക് കാലത്ത് ഒടിടിയില്‍ പിടിച്ച് നിന്ന സിനിമ കൊവിഡാനന്തരം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. കൂമ്പടഞ്ഞ് പോകുമെന്ന് പലരും പ്രവചിച്ച സിനിമ വ്യവസായം നട്ടെല്ല് നിവര്‍ത്തി ഉയിര്ത്തെഴുന്നേല്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. ഏറെ നിലവാരമുള്ള സിനിമകളാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ ഒടിടിയുടെ വരവോടെ തിയേറ്ററില്‍ അധികം ഓടാതെ പെട്ടെന്ന് പ്രേക്ഷകരുടെ അകത്തളങ്ങളിലേക്ക് സിനിമയെത്തുന്ന പ്രവണതയും നമ്മള് കണ്ടു.
എന്നാല്‍ ഈയടുത്തായി മലയാള സിനിമ അതിനെയും അതിജീവിച്ചതിന്റെ മകുടോദാഹരണമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍. ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിന്‍ കണ്ടെത്തും റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച പൂര്‍ത്തിയായി, ഇപ്പോഴും തിയേറ്റര്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഈ ഇന്‍വസ്റ്റിഗേറ്റീവ് ഡ്രാമ പതിവ് കുറ്റാന്വേഷണ സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ വിന്റേജ് കളര്‍ ടോണിലൊരുക്കിയ ഈ പിരിയോഡിക് ഡ്രാമയ്ക്ക് ആരാധകര്‍ കൂടുതലായിരുന്നു. സിനിമാറ്റോഗ്രഫി, പശ്ചാത്തല സംഗീതം, തിരക്കഥ, മേക്കിങ്, കഥാപാത്ര നിര്‍ണ്ണയം, കലാസംവിധാനം തുടങ്ങി ഒരു സിനിമയുടേതായ എല്ലാ ഘടകങ്ങളിലും അന്വേഷിപ്പിന്‍ കണ്ടെത്തും തലയുയര്‍ത്തി നിന്നു. തൊട്ടടുത്ത ആഴ്ച ഭ്രമയുഗം എന്ന വലിയ ചിത്രം ഇറങ്ങിയിട്ടും സിനിമയ്ക്ക് കുലുക്കമുണ്ടായില്ല.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു. മമ്മൂട്ടി ഗ്രേ ഷേഡിലെത്തിയ ഈ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അര്ജുന് അശോകനും സിദ്ധാര്‍ത്ഥും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഭ്രമയുഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മലയാള സിനിമയുടെ യശസ്സ് വീണ്ടും ഉയര്‍ത്തുമെന്നുറപ്പ്.
ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയായ പ്രേമലുവും തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്. ഫീല്‍ ഗുഡ് മൂവിയായ ഈ ചിത്രത്തിന് ആരാധകരേറെയാണ്. ഇതിന് പിന്നാലെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് മികച്ച പ്രതികരണമാണ് നേടുന്നത്.
Story highlights : Anuraj Manohar about the revival of Malayalam cinema