“ഇത് ഞങ്ങളുടെ ജോളിയുടെ കഥ”; കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജോളി കൊലപാതകം വീണ്ടും സജീവ ചർച്ചയാക്കി ‘അന്വേഷിപ്പിൻ കണ്ടെത്തും’
“അന്ന് എന്റെ അപ്പനും പെങ്ങളും കൂടി പരുമല പള്ളിയിൽ പോയിരിക്കുകയായിരുന്നു. അവിടെ ആറ്റിൽ കുളിച്ച് അപ്പൻ മുങ്ങി നിവർന്നപ്പോള്‍ ഇവിടെ പൊട്ടകിണറ്റിൽ ഞങ്ങളുടെ ജോളിയുടെ മൃതദേഹം പൊങ്ങി…” ജോളിയുടെ സഹോദരൻ മോനച്ചന്റെ വാക്കുകൾ ഇടറുന്നു. (‘Anweshippin Kandethum’ movie throws light on Jolly Murder Case)
1984-ൽ ക്രൂരമായ ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ജോളിയുടെ കൊലപാതകത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ടൊവിനോ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ കഥ വികസിക്കുന്നത്. സിനിമ പുറത്തിറങ്ങിയതോടെ ജോളി കൊലപാതകവും അന്നത്തെ സംഭവ പരമ്പരകളും വീണ്ടും കേരള സമൂഹത്തിനിടയിൽ സജീവ ചർച്ചയായിരിക്കുകയാണ്. അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ജോളിയുടെ സഹോദരൻ മോനച്ചൻ മനസ്സ് തുറക്കുന്നു.
”ജോളിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുവന്ന ശേഷം കുറച്ചുനേരം മാത്രമേ വീട്ടിൽ വെച്ചുള്ളൂ. എങ്ങും പ്രതിഷേധമായിരുന്നു. എം.സി റോഡിലെ ഗതാഗതം അന്ന് നാല് മണിക്കൂറോളം തടസ്സപ്പെട്ടു. നാല് വണ്ടി പോലീസുകാർ ഇവിടെ വീടിന് പരിസരത്തുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിനായിരുന്നല്ലോ ആദ്യം അന്വേഷണ ചുമതല. കിണറിൽ ഒരു ബോഡി പൊങ്ങിയെന്ന് പറഞ്ഞുകേട്ടപ്പോഴേ ഞാൻ പോയി നോക്കി. എനിക്ക് വസ്ത്രം കണ്ടപ്പോഴേ മനസ്സിലായി. ആകപ്പാടെ ഞാൻ തകർന്നുപോയി. അവിടുന്നോടി ഞാനാണ് വീട്ടിലേക്ക് വന്ന് പറഞ്ഞത്. നാൽപതായില്ലേ വർഷം. ജോളിക്ക് അന്ന് 18 വയസ്സല്ലേയുള്ളൂ. സിനിമ കണ്ടാലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ”, മോനച്ചൻ പറയുന്നു.
Read also: ‘മസ്റ്റ് വാച്ച്’; മഞ്ജുവിന്റെ പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തി മുമ്പോട്ടുപോകുന്ന കഥാഗതിയാണ് സിനിമയുടേത്. സിനിമയിലെ ആദ്യ ഭാഗത്ത് പരാമർശിക്കുന്ന ലൗലി മാത്തൻ വധക്കേസിനാണ് കേരളത്തെ ഞെട്ടിച്ച ജോളി വധക്കേസുമായി ബന്ധമുള്ളത്.
കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യു ലൈംഗിക പീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവമാണ് ജോളി വധക്കേസ്. 1984 ഏപ്രില്‍ 23-നാണ് ജോളി മാത്യു എന്ന പതിനെട്ടുകാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അന്ന് ഏറെ വിവാദങ്ങള്‍ക്കും സംഭവം വഴിവെച്ചിരുന്നു. കേസ് അന്വേഷിച്ചിരുന്നത് ഐപിഎസ് ഓഫീസറായ സിബി മാത്യൂസാണ്. അദ്ദേഹം എഴുതിയ ‘നിര്‍ഭയം’ എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ അടിവരയിട്ടു പറഞ്ഞിട്ടുമുണ്ട്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൽ ലൗലി മാത്തൻ എന്ന പെൺകുട്ടി കൊല്ലപ്പെടുന്നതും ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രം ഈ കേസിന് പിന്നാലെ പോകുന്നതും തുടർസംഭവങ്ങളുമാണ് ഉദ്വേഗഭരിതമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
Story highlights: ‘Anweshippin Kandethum’ movie throws light on Jolly Murder Case