“സത്യത്തിൽ അതൊരു തുടക്കമായിരുന്നു”; ജീവിതത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് അശ്വതി ശ്രീകാന്ത്!

February 12, 2024

മലയാളി പ്രേക്ഷകർക്കർക്കിടയിൽ ഏറെ സുപരിചിതമായ മുഖമാണ് അശ്വതി ശ്രീകാന്തിന്റേത്. മികച്ച അവതരണത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിയ അശ്വതി പതിയെ അഭിനയ രംഗത്തേക്കും ചുവട് വെച്ചു. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ സ്നേഹം പിടിച്ച് പറ്റിയ അശ്വതി തൻ്റെ അഭിനയ മികവും തെളിയിക്കുകയായിരുന്നു. (Aswathy Sreekanth’s post on self love)

സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു മികച്ച എഴുത്തുകാരിയും യൂട്യൂബറും കൂടെയാണ്. പലപ്പോഴും വിഡിയോകളായും, എഴുത്തുകളായും, സോഷ്യൽ മീഡിയ പോസ്റ്റുകളായും സമൂഹത്തിലേക്ക് പല വിലപ്പെട്ട സന്ദേശങ്ങളും അശ്വതി എത്തിക്കാറുണ്ട്.

പ്രെഗ്നൻസി, പോസ്റ്റ്പാർട്ടം ഡിപ്രെഷൻ, പാരന്റിങ്ങ്, സെൽഫ് ലവ്, അങ്ങനെ ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ച് തുറന്ന സംഭാഷണങ്ങൾ അശ്വതി നടത്താറുണ്ട്. അത്തരത്തിൽ പ്രസവാന്തരം താൻ ജീവിതം എങ്ങനെ തിരിച്ച് പിടിച്ചു എന്ന് അശ്വതി വിവരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

താൻ ഒരു പുതിയ ഹെയർ കട്ട് ചെയ്തു എന്നാണ് അശ്വതി പോസ്റ്റിലൂടെ പറയുന്നത്. എന്നാൽ മുടി വെട്ടുക എന്നതിലുപരി അത് തന്നോട് തന്നെയുള്ള സ്നേഹം പ്രകടിപ്പിക്കാൻ തെരഞ്ഞെടുത്ത വഴിയാണെന്നാണ് താരം പറയുന്നത്. ഗർഭകാലത്ത് മുഖവും ശരീരവും തനിക്ക് പോലും പരിചയമില്ലാത്തവിധം മാറിയിരുന്നു എന്ന് അശ്വതി പോസ്റ്റിൽ പറയുന്നുണ്ട്.

അങ്ങനെയിരുന്നപ്പോൾ, പുതിയ ഒരു ഹെയർ സ്റ്റൈലിലൂടെ സ്വന്തം ആത്മവിശ്വാസം വീണ്ടെടുത്ത അനുഭവമാണ് അശ്വതി പങ്കുവെയ്ക്കുന്നത്. ഒരു മേക്കോവർ നേടുന്നതും പാതിരാത്രി ഇഷ്ടമുള്ള ഐസ് ക്രീം ഓർഡർ ചെയ്ത് കഴിക്കുന്നതുമെല്ലാം നമ്മൾ സ്വയം കാണിക്കുന്ന സ്നേഹവും കരുതലുമാണ്. ജീവിതത്തിൽ സ്വയം പരിചരണം എത്ര വിലപ്പെട്ടതാണെന്ന് താൻ തിരിച്ചറിഞ്ഞതിനെപ്പറ്റിയും അശ്വതി പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

“ആദ്യത്തെ പോസ്റ്റ്പാർട്ടം ഡിപ്രെഷനിൽ നിന്ന് തിരിച്ച് കയറിയതിന്റെ ആദ്യ സ്റ്റെപ്പ് ഒരു മുടി വെട്ടലായിരുന്നു. പ്രസവം കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയിരുന്നെങ്കിലും അപ്പോഴും അയഞ്ഞു തൂങ്ങിയ പഴയ മറ്റേർണിറ്റി ഡ്രെസ്സുകളിൽ തന്നെയായിരുന്നു ജീവിതം. കല്യാണ സമയത്ത് ഒരു ആവശ്യോമില്ലാതെ പോയി സ്ട്രൈറ്റ് ചെയ്ത് നശിപ്പിച്ച ചുരുളൻ മുടി, പ്രസവം കഴിഞ്ഞപ്പോഴേക്ക് വളർന്ന് തോളിന് താഴെ ഇറങ്ങിയിരുന്നു. പകുതി ചുരുണ്ടും ബാക്കി പശുവിന്റെ വാല് പോലെയും കിടന്ന മുടി വലിച്ചു വാരി കെട്ടി ചേരാത്ത ഉടുപ്പുകൾ മാത്രമിട്ട് കോലം കെട്ട് നടന്ന ആ എന്നെ എനിക്ക് പോലും തീരെ പരിചയമില്ലായിരുന്നു. ‘നീ ആ പുരികമെങ്കിലും ഒന്ന് ഷേപ്പ് ചെയ്യൂ’ന്ന്‌ ഭർത്താവ് വരെ പറഞ്ഞു തുടങ്ങിയ കാലം. പെട്ടെന്നൊരു ദിവസം എനിക്ക് മുടി വെട്ടണമെന്ന് ഒരു തോന്നൽ വന്നു. ‘ദേ ഈ കൊച്ചിനെ ഒന്ന് നോക്കിക്കോന്ന്’ കെട്ടിയോനെ പറഞ്ഞേൽപ്പിച്ച് ടാക്സി വിളിച്ച് നേരെ പോയത് പാർലറിലേക്കാണ്. സ്ട്രെയ്റ്റനിംഗ് ചെയ്ത മുടി മുഴുവൻ അങ്ങ് വെട്ടിയേക്കാൻ അവിടെ നിന്ന ഫിലിപ്പിനോ പെൺകൊച്ചിനോട് പറഞ്ഞ് കണ്ണടച്ചിരുന്നു കൊടുത്തു. അവളാ പണി കൃത്യമായി ചെയ്തു. അങ്ങനെ തോളൊപ്പം ചുരുണ്ട മുടിയുമായി പുത്തനൊരു ഞാൻ കണ്ണാടിയിൽ തെളിഞ്ഞു വന്നു. എന്തെന്നില്ലാത്ത സന്തോഷം കൊണ്ടെനിക്ക് വീർപ്പു മുട്ടി. കൃത്യം അളവിനുള്ള കുറച്ച് ഡ്രസ്സ് വാങ്ങലായിരുന്നു അടുത്തത്.
സത്യത്തിൽ അതൊരു തുടക്കമായിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളിൽ സെൽഫ് കെയർ എത്രത്തോളം പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. ചില മുഷിപ്പൻ ദിവസങ്ങളിൽ ഒന്ന് മുടി വെട്ടുന്നതും ലക്ഷ്യമില്ലാതെ ഡ്രൈവ് പോകുന്നതും പാതിരാത്രി ഒറ്റയ്ക് ഐസ് ക്രീം ഓർഡർ ചെയ്ത് കഴിക്കുന്നതും ഒക്കെ ഞാൻ എന്നോട് കാണിക്കുന്ന ലവ് ലാംഗ്വേജ് ആണ്. അപ്പൊ പറഞ്ഞ് വന്നത്…ആകെ മടുത്ത് മുഷിഞ്ഞ് നിന്നൊരു സമയത്ത് ഇന്നലെ പോയൊന്നു മുടി വെട്ടി, സ്വയം പുതുക്കി. ഒരു സന്തോഷം, സമാധാനം
Hair cutting is therapeutic for me ! Whats your therapy other than ‘therapy’ ?”

Read also: ‘നൃത്തം പഠിക്കാൻ കമലയും, അവളെ നോക്കാനുള്ള ക്ഷമ കൂടി ​ഗുരുവിന് ഉണ്ടാകട്ടെ’; വീഡിയോയുമായി അശ്വതി

പോസ്റ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. അശ്വതിയോട് സമാനമായ അനുഭവമുള്ള നിരവധി പേരാണ് കമെന്റുകളിലൂടെ പ്രതികരണങ്ങൾ അറിയിച്ചിരിക്കുന്നത്. അമ്മയും ഭാര്യയും ആകുന്നതോടെ ഒരു സ്ത്രീയുടെ ജീവിതം അവസാനിക്കുന്നില്ല എന്നും, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം പൂർണമായും ത്യാഗം ചെയ്യണ്ടതില്ലെന്നുമുള്ള അർത്ഥവത്തായ സന്ദേശമാണ് അശ്വതി പങ്കിടുന്നത്.

Story highlights: Aswathy Sreekanth’s post on self love