സഹപ്രവർത്തകരുടെ വക ആകാശത്തൊരു പിറന്നാൾ സർപ്രൈസ്; വീഡിയോ പങ്കുവച്ച് റീനു മാത്യൂസ്

February 17, 2024

മമ്മൂട്ടിയുടെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ റീനൂ മാത്യൂസ് മമ്മൂട്ടിയുടെ തന്നെ നായികയായി പ്രെയ്‍സ് ദി ലോര്‍ഡിലും അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് റീനു മാത്യൂസ് കഴിഞ്ഞ ദിവസമാണ് തന്റെ പിറന്നാൾ ആഘോഷിച്ചത്. ( Birthday surprise for Reenu Mathews at Emirates Airlines )

അഭിനേതാവ്, മോഡൽ എന്നീ മേഖലകളിൽ പ്രശസ്തിയാർജിച്ച റീനു മാത്യൂസ് എമിറേറ്റ്സിലെ എയർലൈൻ എയർഹോസ്റ്റസായിട്ടാണ് ജോലി ചെയ്യുന്നത്. പിറന്നാൾ ദിനത്തിൽ നടി റീനു മാത്യൂസിന് സർപ്രൈസുമായി എത്തിയ എമിറേറ്റ്സിലെ സഹപ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിമാനത്തിൽ ജോലിക്കിടെ നിറയെ കയ്യൊപ്പുള്ള ബർത്തഡേ കാർഡിനൊപ്പം കേക്കും ആശംസകളുമായിട്ടാണ് സഹപ്രവർത്തകർ റീനുവിന് പിറന്നാൾ സർപ്രൈസ് ഒരുക്കിയത്. ഏറ്റവും പ്രിയപ്പെട്ട ജോലിക്കിടെ ആകാശത്തു വച്ച് തനിക്ക് പിറന്നാൾ ആഘോഷം ഒരുക്കിയ സഹപ്രവർത്തരോടുള്ള സ്നേഹം പങ്കുവച്ചുകൊണ്ടാണ് റീനൂ മാത്യൂസ് വീ‍‍ഡിയോ പങ്കുവച്ചിട്ടുള്ളത്.

‘‘ആകാശത്തെ എന്റെ ഏറ്റവും മനോഹരമായ ടീമിൽ നിന്നും ഒരു പിറന്നാൾ സർപ്രൈസ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ ജോലി ചെയ്യാൻ കഴിയുന്നതിനും ജോലിക്കിടെ നിരവധി അതിശയിപ്പിക്കുന്ന വ്യക്തിത്വങ്ങളെ കണ്ടുമുട്ടാൻ കഴിയുന്നതിനും ഞാൻ എല്ലാ കാലത്തും നന്ദിയുള്ളവളാണ്.’’ റീനു മാത്യൂസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Read Also : വിജയചരിത്രമെഴുതി ‘അന്വേഷിപ്പിൻ കണ്ടെത്തും’! സിനിമയ്ക്ക് പിന്നിലെ ഇരട്ടകൾക്ക് ഇന്ന് പിറന്നാൾ

മമ്മൂട്ടിയുടെ നായികയായി സിനിമയിലെത്തിയ റീനൂ അഞ്ചു സുന്ദരികൾ, കുള്ളന്റെ ഭാര്യ, സപ്തമ.ശ്രീ തസ്കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താൻ ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായ എയർഹോസ്റ്റസ് ആകാൻ വേണ്ടിയാണ് സിനിമാരംഗത്തുനിന്നും ഇടവേളയെടുക്കുന്നത്.

Story highlights : Birthday surprise for Reenu Mathews at Emirates Airlines