25 വർഷങ്ങൾ, ഒടുവിൽ ആശാനെ കണ്ടുകിട്ടി, ജോലിയും കൊടുത്തു; കുറിപ്പുമായി ഷെഫ് പിള്ള

February 21, 2024

ഭക്ഷണപ്രേമികളുടെ ഇഷ്ട ഷെഫാണ് സുരേഷ് പിള്ള. തന്റെ രുചി വൈഭവം കൊണ്ട് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ കയ്യിലെടുത്തയാളാണ് സുരേഷ് പിള്ള. സ്വപ്നം കണ്ട ജീവിതം കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതിന്റെ ഉദാഹരണമാണ് ഷെഫ് പിള്ള എന്ന ബ്രാൻഡ്. രുചി വൈവിധ്യമൊരുക്കി മലയാളിയുടെ മനസും വയറും നിറച്ച അദ്ദേഹം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ( Chef Pillai found his master after 25 years )

ഇപ്പോഴിതാ പാചക കലയിൽ തന്റെ ആശാനെ പരിചയപ്പെടുത്തുകയാണ് ഷെഫ് പിള്ള. 25 തെരച്ചിലിനൊടുവിലാണ് കൊല്ലത്ത് നിന്നും ആശാനെ കണ്ടെത്തിയത്. കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറൻറിൽ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയതാണ് തൻറെ പാചക ജീവിതമെന്നാണ് ആശാനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് സുരേഷ് പിള്ള പറയുന്നത്.‌

ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂ‍ർണരൂപം; എൻറെയാശാനെ കണ്ട് കിട്ടി…!! 25 വർഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റിൽ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..! ഗൾഫിൽ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി RCP യിൽ കൊണ്ട് വന്ന് നിർവാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ “പാചക ആശാൻ” പദവിയും ഏൽപ്പിച്ചു.ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങൾ പതിയെ പറയാം.

Read Also : ഞായറാഴ്ചകളിലെ മത്തി ഫ്രൈയും മോരുകറിയും കെഎഫ് ബിയറും; ബെംഗളൂരു ജീവിതത്തിലെ ഓർമകളുമായി ഷെഫ് പിള്ള

നേരത്തെ 20 വർഷം മുമ്പ് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനെ കണ്ടെത്തി ജോലി നൽകിയ സുരേഷ് പിള്ളയുടെ അനുഭവക്കുറിപ്പ് ഏറെ പ്രശംസ നേടിയിരുന്നു. കോഴിക്കോട് കാസിനോയിൽ ഒപ്പം ജോലി ചെയ്തിരുന്ന കെ.കെ സുരേഷ് എന്ന സുഹൃത്തിന് സ്വന്തം റെസ്റ്റോറൻറിൽ ജോലി നൽകിയ വാർത്തയാണ് അന്ന് പങ്കുവച്ചിരുന്നത്.

Story highlights : Chef Pillai found his master after 25 years