ഇത് വൃത്തിക്കാരനായ ‘മഞ്ഞുമ്മൽക്കാരൻ സുധി’; റിയൽ ലൈഫ് സുധിക്കൊപ്പം ദീപക് പറമ്പോൽ

February 23, 2024

സമീപകാലത്ത് റിലീസായ സിനിമകളെല്ലാം തന്നെ മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലാണ്. അത്തരത്തിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയിട്ടുള്ളത്. ( Deepak Parambol met real character in Manjummel Boys )

ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു കൂട്ടം ചെറുപ്പക്കാർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവ‍ൃത്തം. സാങ്കേതികപരമായി മികവു പുലർത്തുന്ന ചിത്രം ഏതൊരു സാധാരണക്കാരനും വൈകാരികമായി കണക്ട് ചെയ്യാനാകുന്നു എന്നതും വലിയ രീതിയിൽ പ്രശംസ നേടിക്കൊടുക്കുന്നു.

മികച്ച പ്രേക്ഷക പ്രതികരണത്തിന് പിന്നാലെ നടൻ ദീപക് പറമ്പോൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞുമ്മൽ ബോയ്സിൽ ദീപക് അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായ മഞ്ഞുമ്മൽ സ്വദേശി സുധിയും ചിത്രത്തിലുണ്ട്. സുധിയുടെ ശീലങ്ങൾ അതേപടി സിനിമയിൽ ദീപക് പകർത്തിയിട്ടുണ്ടെന്ന് അഭിനന്ദിച്ചുകൊണ്ട് സുധിയുടെ ഭാര്യ പങ്കുവച്ച ഒരു മെസേജും ദീപക് സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മഞ്ഞുമ്മൽ ബോയ്സിൽ വ‍ൃത്തിക്കാരനായ ഒരു കഥാപാത്രത്തിന്റെ വേഷത്തിലാണ് ദീപക് എത്തിയത്. എല്ലാ ഗ്യാങ്ങിലും ഇതുപോലെ ഒരു വൃത്തിക്കാരനായ കൂട്ടുകാരൻ ഉണ്ടാകും എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്.

Story highlights : Deepak Parambol met real character in Manjummel Boys