മലയാളത്തിൽ ‘ധീ’യുടെ തുടക്കം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രത്തിലെ ആദ്യഗാനം പുറത്ത്!
ലോകമാകെ ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിച്ചെടുത്ത ഗാനമായിരുന്നു ‘എന്ജോയ് എന്‍ജാമി’. ആകർഷണീയത ഏറെയുള്ള പാട്ടിന്റെ ശബ്ദമായിരുന്ന ധീ ഇപ്പോഴിതാ ആദ്യമായി മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ‘വിടുതൽ’ എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമയിൽ ഗായികയാവുന്നത്. (Dhee marks her Malayalam debut through ‘Anweshippin Kandethum’)
തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഈ ഗാനത്തിന് സംഗീതമൊരുക്കിക്കൊണ്ട് മലയാളത്തിൽ ചുവട് വെയ്ക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9-നാണ് തിയറ്ററുകളിലെത്തുന്നത്.
മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോരാട്ടങ്ങളെയും ധീരതയേയും വീര്യമുള്ള മനസ്സുകളേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടിന്റെ ലിറിക്കൽ വീഡിയോ ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതാണ്.
2012-ൽ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാ മേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗർതണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘ജിപ്സി’, ‘കർണൻ’, ‘സർപാട്ട പരമ്പരൈ’, ‘മഹാൻ’, ‘ദസര’, ‘ചിറ്റാ’, ‘ജിഗർതണ്ട ഡബിൾ എക്സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി.
അതിനാൽ തന്നെ, സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്. സിനിമയിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ആദ്യത്തെ ഗാനം ഏറെ പ്രതീക്ഷ നൽകിയിരിക്കുകയുമാണ്.
ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്.
പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്.
Story highlights: Dhee marks her Malayalam debut through ‘Anweshippin Kandethum’