മികച്ച പന്തടക്കവും താളാത്മക ചലനങ്ങളും, ഇത് ‘ടെറസ് സാംബ’; വൈറലായി യുവാക്കളുടെ ടെറസിലെ ഫുട്ബോൾ

February 8, 2024

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക മത്സരങ്ങളിൽ ഒന്നാണ് ഫുട്ബോൾ. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കായിക വിനോ​ദമായ കാൽപന്ത് കളിയ്ക്ക് എല്ലാ വൻകരകളിലും വലിയ രീതിയിലുള്ള ആരാധക പിന്തുണയുണ്ട്. ഭാഷ, ദേശം, പ്രായം. ലിംഗ വ്യത്യാസമില്ലാതെയാണ് ഫുട്ബോളിനെ നെഞ്ചേറ്റുന്നത്. ( Men play football across rooftops viral video )

ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള ഫുട്ബോൾ വീഡിയോകൾക്കായി പ്രത്യേക ആരാധകക്കൂട്ടം സൈബർ ലോകത്തുണ്ടെന്നതാണ് യഥാർഥ്യം. കൊച്ചു കുട്ടികൾ തെരുവിൽ പന്ത് തട്ടുന്നതും മനോഹരമായ സ്കില്ലുകളുമായി ഞെട്ടിക്കുന്നവരുടെയെല്ലാം വീഡിയോ ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയ ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

ലോകഫുട്ബോളിന്റെ ഉന്നതിയിലെത്തിയ ഇതിഹാസ താരങ്ങളിൽ പലരും തെരുവിൽ പന്ത് തട്ടി തുടങ്ങിയവരാണെന്ന് നാം കേട്ടിട്ടുണ്ട്. ഈ അനുഭവങ്ങളുടെ കരുത്തിൽ കളിക്കളത്തിൽ തങ്ങളുടെതായ ശൈലികൾ രൂപപ്പെടുത്തുന്നതിലും അവർ വിജയിച്ചിരുന്നു. അത്തരത്തിൽ തെരുവിൽ നിന്നുള്ള ഒരു ഫുട്ബോൾ വീഡിയോയാണ് ആർപിജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക തൻറെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുള്ളത്. കളിക്കാരുടെ കൃത്യതയെയും വൈദ​ഗ്ധ്യത്തെയും പ്രശംസിച്ചുകൊണ്ടാണ് അദ്ദഹം വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ഒരു പ്രദേശത്തെ യുവാക്കൾ സവിശേഷമായ രീതിയിൽ ഫുട്ബോൾ കളിക്കുന്നതാണ് വീഡിയോ. ഒരു തെരുവിൻറെ രണ്ട് വശങ്ങളിലായുള്ള പല വീടുകളുടെ ടെറസിന് മുകളിൽ നിന്ന് മൂന്ന് യുവാക്കൾ പന്ത് തട്ടുകയാണ്. ഒരു യുവാവ് തൻ്റെ വീടിന്റെ ടെറസിൽ മനോഹരമായി ഫുട്ബോൾ ഡ്രിബിൾ ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യത്തെയാൾ ഏറ്റവും ഉയരമുള്ള ടെറസിൽ നിന്നും പന്ത് ഏറ്റവും താഴയുള്ള ആൾക്ക് കൈമാറുന്നു. വിദ​ഗ്ധമായി പന്തിനെ നിയന്ത്രണത്തിലാക്കിയ ആ യുവാവ് അവിടെ നിന്നും പന്തെടുത്ത് അടുത്തയാൾക്ക് കൈമാറുകയാണ്. അങ്ങനെ പന്ത് അവസാനം കറങ്ങിത്തിരിഞ്ഞ് ആദ്യത്തെ ആളിലേക്ക് തന്നെ എത്തുകയാണ്.

Read Also : ‘സ്വിംകറ്റ്’; ഈ ക്രിക്കറ്റ് കളിയിൽ റണ്ണെടുക്കാൻ നീന്തണം, വീഡിയോ വൈറൽ..!

അതേസമയം യുവാക്കൾ നിൽക്കുന്ന മൂന്ന് ടെറസുകളും തമ്മിൽ വലിയ ഉയര വ്യത്യസമുണ്ട്. ഒന്ന് എറ്റവും ഉയരത്തിലാണെങ്കിൽ മറ്റുള്ളത് അതിന് താഴെ പല തട്ടുകളിലാണ്. എന്നാൽ മികച്ച പന്തടക്കത്തോടെ പാസ് സ്വീകരിച്ച് മറ്റൊരാളിലേക്ക് കൈമാറുകയാണ്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഇതോടെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയത്.

മികച്ച പന്തടക്കം പുറത്തെടുത്ത് പാസുകൾ കൈമാറുന്നത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ബ്രസീലിയൻ കളി ശൈലിയെ അനുസ്മരിപ്പിക്കുന്ന താളാത്മകമായ ചലനങ്ങളെ പ്രശംസിച്ചുകൊണ്ട് ടെറസിലെ സാംബ എന്നാണ് ഒരാൾ പ്രതികരിച്ചത്.

Story highlights : Men play football across rooftops viral video