‘യാഥാർഥ്യവും നിർമിതവും വേർതിരിച്ചറിയണം’; എ.ഐ ചിത്രങ്ങളെ പ്രത്യേകം ലേബൽ ചെയ്യുമെന്ന് മെറ്റ
ചാറ്റ് ജി.പി.ടി പോലുള്ള നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സോഫ്ട്വെയർ പ്രോഗ്രാമുകൾ ആധിപത്യം നേടുന്ന കാലമാണിത്. AI വഴി നിർമ്മിച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. അത്തരത്തിൽ എ.ഐ നിർമിത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ലൈക്ക് തേടുന്നവർക്ക് തിരിച്ചടിയായി മെറ്റയുടെ പുതിയ നിയമങ്ങൾ. ( Meta set to label AI images on Instagram and Facebook )
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന എ.ഐ നിർമിത ഇമേജുകളെ തിരിച്ചറിയാൻ പ്രത്യേകം ലേബൽ ചെയ്യുമെന്നാണ് മാതൃകമ്പനിയായ മെറ്റ അറിയിച്ചിരിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരത്തിലൂള്ള നീക്കവുമായി എത്തിയിട്ടുള്ളത്. സൈബർ ലോകത്ത് നിർമിത ബുദ്ധിയുടെ ഇടപെടൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ യാഥാർഥ്യവും നിർമിതവും വേർതിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എ.ഐ ചിത്രങ്ങളെ ലേബൽ ചെയ്യാനുള്ള തീരുമാനമെന്ന് മെറ്റ പറഞ്ഞു. ടെക് മേഖലയിലെ മറ്റ് പങ്കാളികളുമായും ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഡീപ് ഫേക് ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നത് സ്വകാര്യതക്ക് തന്നെ ഭീഷണിയാകുന്ന നിരവധി സന്ദർഭങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ദൃശ്യമെന്ന പേരിൽ ഡീപ് ഫേക് വിഡിയോ പ്രചരിച്ചത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ഡീപ് ഫേകിന് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണം നടത്തുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു.
Read Also : ഡോർമിറ്ററി മുറിയിൽ നിന്ന് ലോകത്തിൻറെ നെറുകയിൽ വരെ; ഫേസ്ബുക്ക് പിന്നിട്ട 20 വർഷങ്ങൾ!
ഡീപ് ഫേക് വിഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ വാർത്തകളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഈയടുത്ത് സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക് വിഡിയോ നിർമിച്ച് പരസ്യം തയാറാക്കിയ ഗെയിമിങ് സൈറ്റിനെതിരെ നടപടിയെടുത്തിരുന്നു.
Story highlights : Meta set to label AI images on Instagram and Facebook