‘പോയിന്റ് ടേബിളിൽ എപ്പോഴും ഒന്നാം സ്ഥാനം വിഷമകരം, ലൂണയെ വല്ലാതെ മിസ് ചെയ്യുന്നു’; മിലോസ് ഡ്രിൻസിച്ച്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രതിരോധക്കോട്ടയിലെ ഒഴിച്ചുകൂടാനാകാത്ത താരമാണ് മിലോസ് ഡ്രിൻസിച്ച്. യൂറോപ്യൻ ഫുട്ബോളിലെ പരിചയസമ്പത്തുമായി 2023-ലാണ് മോണ്ടിനെഗ്രൻ താരമായ മിലോസ് കൊമ്പൻമാരുടെ പ്രതിരോധം കാക്കാനെത്തുന്നത്. മാർകോ ലെസ്കോവിച്ചിനൊപ്പം മിലോസ് ഡ്രിൻസിച്ചും ഒത്തു ചേർന്നതോടെ കേരള പ്രതിരോധം കടുകട്ടിയായിരുന്നു. ( Milos Drincic on Kerala Blasters future prospects and injuries )
2023-24 സീസൺ തുടക്കം മുതൽ പരിക്കുകളും സസ്പെൻഷനുകളും അടക്കം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ടീമാണ് ബ്ലാസ്റ്റേഴ്സ്. മധ്യനിരയിൽ എണ്ണയിട്ട യന്ത്രം കണക്കെ കളിമെനഞ്ഞ് മൈതാനത്തിന്റെ ഏത് കോണിലേക്കും പന്തെത്തിക്കുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ജീക്സൺ സിങ്, ക്വാമി പെപ്ര അടക്കം നിരവധി താരങ്ങളുടെ സേവനം നഷ്ടമായിരുന്നു. എങ്കിലും പരിമിതമായ സ്രോതസുകൾ ഉപയോഗിച്ച് കളിമെനയുന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ച് പ്രതിസന്ധിഘട്ടങ്ങളിലും ടീമിനെ മുന്നോട്ട് നയിച്ചു. ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ, കെ.പി രാഹുൽ, ഡാനിഷ് ഫാറൂഖ് എന്നിവരായിരുന്നു മൈതാനത്തിന്റെ വെള്ളവരയ്ക്ക് പുറത്ത് വുകോമനോവിച്ച് മെനയുന്ന തന്ത്രങ്ങൾ കളത്തിൽ നടപ്പാക്കിയിരുന്നത്.
എന്നാൽ ഇവാൻ വുകോമനോവിച്ചിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ച് കേരളം ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. ഒഡീഷ എഫ്സി, ലീഗിൽ താഴെ തട്ടിലുള്ള പഞ്ചാബ് എഫ്സി ഏറ്റവും ഒടുവിൽ ചെന്നൈയിൻ എഫ്സി എന്നീ ടീമുകളോടാണ് കേരളം പരാജയപ്പെട്ടത്. തുടർ തോൽവികൾ നേരിട്ട ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള സാധ്യതകൾ, അഡ്രിയാൻ ലൂണ അടക്കമുള്ള പ്രമുഖ താരങ്ങളുടെ പരിക്കുകൾ അടക്കമുള്ള കാര്യങ്ങളിൽ പ്രതികരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറച്ച പ്രതിരോധ കാവൽക്കാരൻ മിലോസ് ഡ്രിൻസിച്ച്.
ഓരോ സീസൺ കഴിയുന്തോറും ഇന്ത്യൻ സൂപ്പർ ലീഗ് കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. അതുകൊണ്ടുതന്നെ കിരീടപ്പോരാട്ടത്തിൽ മറ്റു ടീമുകളിൽ നിന്നും വലിയ രീതിയിലുള്ള വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്. അതുകൊണ്ടുതന്ന വളരെയധികം കോമ്പറ്റേറ്റീവായ ഈ ലീഗിൽ ഓരോ മത്സരഫലവും പോയിന്റ് ടേബിളിൽ വലിയ രീതിയിൽ സ്വാധിനിക്കാൻ കഴിയും. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നമ്മുടെ ടീം പരാജയപ്പെട്ടു. എന്നാൽ തോൽവിയിൽ നിരാശപ്പെട്ടിരാക്കാതെ വരും മത്സരങ്ങളിൽ ജയത്തോടെ മുന്നോട്ടുകുതിക്കാനുള്ള ശ്രമം തുടരും. അതിന് ആവശ്യമായ കരുത്തുള്ള താരങ്ങളും ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ടീമിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവയ്ക്കുകയാണ് മിലോസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ അഹങ്കാരമായി പറയാനാകുന്ന ആരാധകക്കൂട്ടമായ മഞ്ഞപ്പട തന്നെയാണ് മിലോസിനെയും കേരളത്തിലേക്ക് ആകർഷിച്ചത്. ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫർ വന്ന സമയത്ത് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചോ ക്ലബുകളെ കുറിച്ചോ യാതാരുവിധ ധാരണയും ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിനെ കുറിച്ച് കൂടുതൽ അറിയാനായി ഇന്റർനെറ്റിൽ പരതിയതോടെയാണ് ഓരോ മത്സരത്തിനും നിറഞ്ഞ സ്റ്റേഡിയത്തിൽ ടീമിനെ പിന്തുണയ്ക്കുന്ന ആരാധകൂട്ടത്തെ ശ്രദ്ധയിൽപെട്ടത്. അതോടെ അവർക്ക് മുന്നിൽ പന്ത് തട്ടണമെന്ന് ഉറപ്പിക്കുകയായിരുന്നുവെന്നാണ് മിലോസ് പറയുന്നത്.
അതോടൊപ്പം തന്നെ അഡ്രിയാൻ ലൂണ, ക്വാമി പെപ്ര അടക്കമുള്ള പ്രധാനതാരങ്ങളുടെ അഭാവത്തെക്കുറിച്ചും മിലോസ് പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവും പ്രതിഭാധരനായ താരമാണ് ലൂണ. ഗോളടിക്കുന്നതിലൂം ഗോളടിപ്പിക്കുന്നതിലൂം ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയും ടീമിന്റെ പ്രകടനത്തിൽ നിർണായകമായിരുന്നു. അത്തരത്തിലൊരു താരത്തിന്റെ സാന്നിധ്യം ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ വലിയ രീതിയിൽ മിസ് ചെയ്യുന്നുണ്ട്. ലുണയുടെ കൂടെ പരിക്കേറ്റ് പുറത്തായ താരങ്ങളുടെ സേവനം നഷ്ടമായതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും പോരാടാൻ കരുത്തുള്ള താരങ്ങളുടെ മികവിൽ ടീം തിരിച്ചുവരുമെന്നും മിലോസ് കൂട്ടിച്ചേർത്തു. 24 ന്യൂസിന്റെ ഗ്രൗണ്ട് സ്റ്റോറി എന്ന സ്പോർട്സ് ഷോയിലാണ് മോണ്ടിനെഗ്രൻ സെന്റർ ബാക്കായ മിലോസ് ഡ്രിൻസിച്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Story highlights : Milos Drincic on Kerala Blasters future prospects and injuries