എന്തുകൊണ്ട് ഏഴാം നമ്പർ ജേഴ്സി..? ചോദ്യത്തിന് ധോണിയുടെ രസകരമായ മറുപടി!

February 14, 2024

കായികരംഗത്ത് ഏറെ ശ്രദ്ധേയമാണ് ഏഴാം നമ്പർ ജേഴ്‌സി. റാഞ്ചിയിൽ നിന്നുള്ള ഒരു സാധാരണക്കാരനായ യുവാവ് ദേശീയ ടീമിൽ ഇടം നേടിയതിന് ശേഷം പിന്നീട് ഉണ്ടായതെല്ലാം ചരിത്രം. എംഎസ് ധോണി എന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ധരിക്കാൻ തുടങ്ങിയ കാലം മുതൽ ക്രിക്കറ്റ് ആരാധകർ ആഘോഷിച്ച് തുടങ്ങിയതാണ് ഏഴാം നമ്പർ ജേഴ്സി. (MS Dhoni reveals the reason behind choosing Jersey no 7)

വർഷങ്ങൾ കൊണ്ട് ഏഴാം നമ്പർ ജേഴ്സിയും അത് ധരിക്കുന്ന പ്രതിഭയും ആരാധകർക്കിടയിൽ പ്രിയങ്കരമായി മാറി. ഇപ്പോഴിതാ, ഏഴാം നമ്പർ ജേഴ്സി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം വെളുപ്പെടുത്തിരിക്കുകയാണ് ധോണി.

അടുത്തിടെ ഒരു പ്രൊമോഷന്റെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുത്ത ധോണിയോട് അവതാരകൻ ഏഴാം നമ്പർ ജേർസി തെരഞ്ഞെടുത്തതിന്റെ പിന്നിലെ കാരണം തിരക്കി. ചോദ്യത്തിന് ധോണി നൽകിയ മറുപടിയും ഏറെ രസകരമായിരുന്നു. താൻ ജനിക്കണമെന്ന് മാതാപിതാക്കൾ തീരുമാനിച്ച സമയവും ദിവസവുമായിരുന്നു അത് എന്ന് ധോണി പറഞ്ഞതും ആളുകൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.

പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ചില കണക്കുകൾ നിരത്തുകയായിരുന്നു. “ഞാൻ ജനിച്ചത് ജൂലൈ ഏഴിനാണ്. അതായത് വർഷത്തിലെ ഏഴാം മാസം, ഏഴാം തീയതി. ജനിച്ച വർഷം 1981 ആണ്. വീണ്ടും കണക്ക് കൂട്ടുകയാണെങ്കിൽ 8-ൽ നിന്ന് ഒന്ന് കുറച്ചാൽ 7. അപ്പോഴും കിട്ടുന്ന സംഖ്യ 7 തന്നെ. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, ഏത് നമ്പറാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ 7 എന്ന സംഖ്യ തെരഞ്ഞെടുക്കുന്നത് എനിക്ക് വളരെ എളുപ്പമായിരുന്നു”, ധോണി പറഞ്ഞു.

Read also: ബാറ്റിൽ ബാല്യകാല സുഹൃത്തിന്റെ സ്പോർട്സ് ഷോപ്പിന്റെ സ്റ്റിക്കർ; വൈറലായി ധോണിയുടെ ചിത്രങ്ങൾ

ധോണി തൻ്റെ കരിയർ തുടങ്ങിയതും അവസാനിപ്പിച്ചതും ഏഴാം നമ്പർ ജേഴ്സിയിലാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ആദരമായി 2023-ൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (BCCI) 7-ാം നമ്പർ ജേഴ്‌സി നിർത്തൽ ചെയ്തു. പുരുഷ ക്രിക്കറ്റിൽ ഇനി ഒരു കളിക്കാരനും അവരുടെ ഷർട്ട് നമ്പറായി 7 തെരഞ്ഞെടുക്കാൻ കഴിയില്ല. സച്ചിന്റെ പത്താം നമ്പർ ജേഴ്സിക്ക് ശേഷം നിർത്തലാക്കിയ രണ്ടാമത്തെ ജേഴ്സിയാണ് ധോണിയുടേത്.

Story highlights: MS Dhoni reveals the reason behind choosing Jersey no 7