“എനിക്ക് അവനെ ഒരുപാട് ഇഷ്ടപ്പെട്ടു”; നസ്‌ലെനെ അഭിനന്ദിച്ച് പ്രിയദർശൻ!

February 14, 2024

നസ്‌ലെൻ, മമിതാ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രം ‘പ്രേമലു’ തീയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്കകത്തും പുറത്തുമുള്ളവരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ഏറ്റവും അവസാനമായി സിനിമയെക്കുറിച്ചുള്ള സംവിധായകൻ പ്രിയദർശന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. (Priyadarshan congratulates Naslen on his performance)

സിനിമ കണ്ടിറങ്ങുന്ന പ്രിയദർശന്റെ പ്രതികരണം സിനിമയുടെ സംവിധായകൻ ഗിരീഷ് എ.ഡി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘സൂപ്പർ സിനിമ. ഇതാണ് യങ്ങ്സ്റ്റേഴ്‌സ് സിനിമ എന്നു പറയുന്നത്. വളരെ ഫ്രഷ് ആയിട്ട് തോന്നി. മികച്ച ഒരു എന്റർടൈനറായി തോന്നി. ആ പയ്യനെ എനിക്ക് ഒരുപാട് ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു അവന്റേത്. ഇത് വ്യത്യസ്തമായ, റിയലിസ്റ്റിക് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല. നസ്‌ലെനെ ഒന്നു കാണണം, അഭിനന്ദിക്കണം,’ ഇതാണ് പ്രിയദർശന്റെ വാക്കുകൾ.

ഇതേ താരനിരയെ അണിനിരത്തി ഒരു പ്രിയദർശൻ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് “നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ വരട്ടെ, ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. ഞങ്ങളൊക്കെ ഇരുന്ന് കാണും. അതാണ് ഇനി ഞങ്ങളുടെ ജോലി”, എന്നായിരുന്നു പ്രിയദർശന്റെ മറുപടി.

മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ചിത്രം കൂടുതൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ഴോണറിലാണ് ഉൾപ്പെടുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

Read also: ‘ഇനി ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി’; കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകനും നിർമ്മാതാവും!

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നൽകിയ വിഷ്ണു വിജയിയാണ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘കുട്ടി കുഡിയെ’ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Story highlights: Priyadarshan congratulates Naslen on his performance