കൽപന ചൗള ആകാശസീമയുടെ അനന്തതയില്‍ ലയിച്ചിട്ട് 21 വര്‍ഷങ്ങൾ..!

February 1, 2024

വീണ്ടുമൊരു ഫെബ്രുവരി 1, ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് ഇതുപോലെയൊരു ദിവസത്തിലായിരുന്നു കൽപന ചൗള എന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയും ആറ് സഹയാത്രികരും കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് ദാരുണമായി കൊല്ലപ്പെട്ടത്. റിക് ഹസ്ബന്റ്, വില്യം മക്കൂൽ, മൈക്കൽ ആന്റേർസൺ, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ എന്നിവരായിരുന്നു കൽപനയ്‌ക്കൊപ്പം കൊളംബിയയിൽ ഉണ്ടായിരുന്നത്. ( Remembering Astronaut Kalpana Chawla )

നാൽപതാം വയസിൽ ബഹിരാകാശപേടകം കത്തിയമർന്ന് കൽപന കൊല്ലപ്പെട്ടെങ്കിലും ഹരിയാനയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാനാകുമെന്നും തെളിയിച്ചു. അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറം സ്വപ്‌നങ്ങൾ കണ്ടു ആ ഇന്ത്യൻ യുവതി. രണ്ടു വട്ടം നാസയുടെ ദൗത്യത്തിൽ പങ്കാളിയായ ആദ്യ ഇന്ത്യൻ വനിത ബഹിരാകാശസഞ്ചാരിയായി അവർ മാറി. 2003 ഫെബ്രുവരി ഒന്നിന് നാസയുടെ സ്‌പേസ് ഷട്ടിലായ കൊളംബിയ ടെക്‌സാസിലെ ആകാശത്ത് കത്തിയമർന്നപ്പോൾ കൽപ്പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികൾ ഓർമയായെങ്കിലും നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി കൽപന ഇപ്പോഴും ജനഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു.

ഹരിയാനയിലെ കർണാലിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽപ്പിറന്ന കൽപന ചൗള സ്വപ്‌നം കണ്ടത് ആകാശയാത്രകളായിരുന്നു. അച്ഛനൊപ്പം അവർ പ്രദേശത്തെ ഫ്ലയിങ് ക്ലബുകളിലെത്തി വിമാനങ്ങളെ പരിചയപ്പെട്ടു. പഞ്ചാബ് എഞ്ചിനീയറിങ് കോളജിൽ നിന്നും ഏയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയശേഷം ഉന്നതപഠനത്തിനായി അവർ അമേരിക്കയിലേക്ക് പറന്നു.

എയറോസ്‌പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദവും പിഎച്ച്ഡിയും നേടിയശേഷം 1997 നവംബറിലായിരുന്നു കൽപനയുടെ ആദ്യ ബഹിരാകാശ ദൗത്യം. ആദ്യ യാത്രയിൽ 376 മണിക്കൂറുകളോളം ബഹിരാകാശത്ത് ചെലവഴിച്ചു. കൽപനയുടെ കഴിവും താൽപര്യവും പരിഗണിച്ച് രണ്ടാം ദൗത്യത്തിലും കൽപനയെ നാസ അംഗമാക്കുകയായിരുന്നു. 2003 ജനവരി 16 ആരംഭിച്ച രണ്ടാം ദൗത്യത്തിലെ മടക്കയാത്രയിലാണ് കൽപന കൊല്ലപ്പെട്ടത്.

Read Also : “ദയവായി എനിക്കൊരു ശുഭയാത്ര ആശംസിക്കരുത്”; ദയാവധത്തിന് മുൻപ് യുവതി കുറിച്ച വരികൾ!

നിലത്തിറങ്ങുന്നതിന് 16 മിനിട്ടുകൾക്ക് മുമ്പാണ് നാസയ്ക്ക് ബഹിരാകാശ പേടകമായ കൊളംബിയയുമായുള്ള നിയന്ത്രണം നഷ്ടപ്പെട്ടത്. വിക്ഷേപണം കഴിഞ്ഞ് 82 സെക്കൻ‍ഡ് കഴിഞ്ഞപ്പോൾ തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളാണ് ദുരന്തത്തിന് കാരണമെന്നാണ് പിന്നീട് കണ്ടെത്തിയത്. നാൽപതാം വയസിൽ കൽപനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമർന്നുവെങ്കിലും ഇന്ത്യയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നതിന്റെ അടയാളമായി ഇന്നും കൽപ്പന ഓർമിക്കപ്പെടുന്നു.

Story highlights : Remembering Astronaut Kalpana Chawla