‘വിചിത്രം ഈ വിദ്യാലയം’; സ്‌കൂളിൽ ഏക വിദ്യാർത്ഥി, അവനായി ഒരേയൊരു അദ്ധ്യാപിക!

February 7, 2024

കുട്ടിക്കാലത്തെ നമ്മുടെ ഓർമകളിൽ ഏറ്റവും മനോഹരമായത് ഒരുപക്ഷെ സ്‌കൂൾ കാലഘട്ടമായിരിക്കും. കൂട്ടുകാരോടൊത്ത് സന്തോഷങ്ങളും സങ്കടങ്ങളും കളിചിരികളും പങ്കുവെച്ച് നമ്മൾ വളർന്ന് വന്ന നാളുകൾ. ഒരു പരിധി വരെ, നമ്മളിൽ പലരെയും നമ്മളാക്കി മാറ്റിയത് ആ കുട്ടിക്കാലം തന്നെയാണ്. എന്നാൽ ഒരു സ്‌കൂളിൽ ഒറ്റയ്ക്ക് പഠിക്കേണ്ടി വരുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? (The Government school with a single Teacher and Student)

അത് എങ്ങനെ സാധ്യമാകും എന്നാവും ആലോചിച്ചത്. അല്ലെ? എന്നാൽ സാധ്യമാണ് എന്നതാണ് വാസ്തവം. അങ്ങനൊരു സ്‌കൂൾ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. പഞ്ചാബിലെ ബത്തിൻഡയിലെ കോഥെ ബുദ്ധ് സിംഗ് ഗ്രാമത്തിലുള്ള സർക്കാർ പ്രൈമറി സ്കൂളിലാണ് ഏക വിദ്യാർത്ഥി പഠിക്കുന്നത്. അവനെ പഠിപ്പിക്കുന്നതിനായി ഒരേയൊരു ടീച്ചറും അവിടുണ്ട്.

കഴിഞ്ഞ വർഷം മെയിലാണ് സരബ്‍ജിത് കൗർ എന്ന അദ്ധ്യാപിക സ്‌കൂളിൽ ജോയിൻ ചെയ്യുന്നത്. താൻ ആദ്യമായി എത്തിയപ്പോൾ ഏക വിദ്യാത്ഥിയെ കണ്ട അവർക്ക് അത്ഭുതവും അതിലേറെ അസാധാരണത്വവും തോന്നി. ഒരു വിദ്യാർത്ഥി ഒഴിച്ച് ഗ്രാമത്തിലെ മറ്റ് കുട്ടികളെല്ലാം പ്രൈവറ്റ് സ്‌കൂളിലാണ് പഠിക്കുന്നത്. തുടക്കത്തിൽ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയെങ്കിലും സരബ്‍ജിത് മെല്ലെ മെല്ലെ യാഥാർഥ്യം അംഗീകരിക്കാൻ തുടങ്ങി.

Read also: പരീക്ഷയ്ക്ക് മുൻപ് മറ്റൊരു ‘പരീക്ഷണം’; ആശങ്കയുടെ മണിക്കൂറി‍ൽ ദിയയ്ക്ക് പൊലീസിന്റെ ‌സ്നേഹക്കരുതൽ..!

ഒരു കുട്ടിക്ക് വേണ്ടി മാത്രം സർക്കാർ ചിലവാക്കുന്നത് ഭീമമായ തുകയാണ്. നിലവിൽ അഞ്ചാം ക്ലാസുകാരനായ ഏക വിദ്യാർത്ഥി ഒരു വർഷം കൂടെ മാത്രമേ സ്‌കൂളിൽ തുടരുകയുള്ളു. പ്രൈമറി സ്‌കൂളായതിനാൽ അഞ്ചാം തരം കഴിയുന്നതോടെ അവൻ മറ്റൊരു സ്‌കൂളിലേക്ക് മാറേണ്ടി വരും. അതോടെ, സ്‌കൂൾ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

ഗ്രാമത്തിലെ ഓരോ വീടുകളും സന്ദർശിച്ച് കുട്ടികളെ സർക്കാർ സ്‌കൂളിൽ അയക്കുന്നതിന്റെ പ്രാധാന്യത്തെ കുറച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപികയായ സരബ്ജിത് ശ്രമിച്ചിരുന്നു. സ്മാർട്ട് സ്‌കൂളായത് കൊണ്ട് തന്നെ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും രക്ഷിതാക്കൾ കുട്ടികളെ വിടാൻ തയ്യാറായില്ല.

Story highlights: The Government school with a single Teacher and Student