ജീവൻ തുടിക്കുന്ന തെയ്യം ശിൽപങ്ങൾ; പിന്നിൽ എട്ടാം ക്ലാസുകാരനായ കൊച്ചുമിടുക്കൻ നിവേദ്
വടക്കന്‍ മലബാറില്‍ തെയ്യക്കോലങ്ങള്‍ അരങ്ങുണര്‍ന്ന സമയമാണിത്. ഓരേ ദേശങ്ങളിലും അനുഗ്രഹം ചൊരിഞ്ഞ് തറവാടുകളിലും കാവുകളിലും ദൈവക്കോലങ്ങള്‍ കെട്ടിയാടുകയാണ്.. പെരുങ്കളിയാട്ടങ്ങളുടെ കേളികേട്ടുണരുന്ന മലബാറിലെ പുതുതലമുറയ്ക്ക ആവേശം വിളിച്ചോതുന്നതാണ് കാസര്‍കോട് സ്വദേശി എട്ടാം ക്ലാസുകാരനായ നിവേദിന്റെ ജീവന് തുടിക്കുന്ന കുഞ്ഞന്‍ തെയ്യം ശില്പങ്ങള്.. ( 13 Year old Nived making vibrant theyyam sculptures )
തറവാടുകളിലും കാവുകളിലും നിരവധി തെയ്യങ്ങളെ കണ്ടതോടെയാണ് ശിൽപങ്ങൾ ഉണ്ടാക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. തന്റെ തറവാടിലെ മൂവാഴംക്കുഴി ചാമുണ്ഡിയുടെ എട്ട് അടി ഉയരത്തിലുള്ള ശിൽപമാണ് നിവേദ് നിർമിച്ചിട്ടുള്ളത്. വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന തുണികളും, വർണക്കടലാസുകളും ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് മൂവാഴം കുഴിചാമുണ്ഡിയുടെ ശിൽപം തയ്യാറാക്കിയത്. പഠനത്തിനിടയിലെ ഒഴിവുസമയത്തിൽ ഒന്നരമാസം കൊണ്ടാണ് ഈ ശിൽപം പൂർത്തീകരിച്ചത്.
മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടാർ ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും മിനിയേച്ചറും നിവേദിന്റെ കരവിരുതിൽ ഒരുങ്ങിയിട്ടുണ്ട്. വലിയ ശിൽപങ്ങൾ തയ്യാറാക്കുന്നതിനോടൊപ്പം തെയ്യങ്ങളുടെ മുഖപടവും ബോട്ടിൽ ആർട്ടും തനിക്ക് വഴങ്ങുമെന്ന് നിവേദ് തെളിയിച്ചിട്ടുണ്ട്. പൊട്ടൻ തെയ്യം, പുലമാരുതൻ, ഗുളികൻ എന്നീ തെയ്യങ്ങളുടെ മുഖപടവും ബോട്ടിൽ ആർട്ടുമാണ് ഈ 13-കാരൻ തയ്യാറാക്കിയിട്ടുള്ളത്. ചിത്രങ്ങൾ നോക്കിയാണ് മുഖത്തെഴുത്ത് തയ്യാറാക്കിയത്.
Read Also : സ്കൂളിൽ പഠിക്കേണ്ട സമയത്ത് സർവകലാശാല അധ്യാപിക; 16-ാം വയസിൽ ഞെട്ടിച്ച് ഷാനിയ
വെള്ളിക്കോത്തെ വി.എം. മനോജിന്റെയും പി. പ്രതിഭയുടെയും മകനായ നിവേദ് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ശിൽപം പൂർത്തിയായതോടെ നിവേദിന്റെ കഴിവ് തിരിച്ചറിയുന്നത്. തെയ്യം നിർമാണത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞതോടെയാണ് നിരവധിയാളുകളാണ് നിവേദ് ഒരുക്കിയ ശിൽപങ്ങൾ കാണാൻ വെള്ളിക്കോത്തെ വീട്ടിലെത്തുന്നത്.
Story highlights : 13 Year old Nived making vibrant theyyam sculptures