ചെപ്പോക്കിൽ തല ഉയർത്തി ചെന്നൈ; ഗുജറാത്ത് ടൈറ്റൻസിനെതിരെ ആധികാരിക ജയം
നായകസ്ഥാനത്ത് നിന്നും ധോണി പിന്മാറിയിട്ടും ചെപ്പോക്കില്‍ വീണ്ടും വെന്നിക്കൊടി പാറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. സീസണിലെ രണ്ടാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ഋതുരാജ് ഗെയ്ക്വാദും സംഘവും വീഴ്ത്തിയത്. ശിവം ദുബെയുടെ വെടിക്കെട്ടും ഗെയ്ക്വാദിന്റെയും രചിന് രവീന്ദ്രയുടെയും കിടിലന്‍ തുടക്കവുമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 63 റണ്‍സിനാണ് ചെന്നൈയുടെ വിജയം. ചെന്നൈയുടെ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 207 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 143 റണ്‍സ് മാത്രമേ എടുക്കാനായത്. ( Chennai Super Kings Beat Gujarat Titans )
ചെന്നൈ തീര്‍ത്ത റണ്‍മല താണ്ടാനിറങ്ങിയ ഗുജറാത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ നായകന് ഗില്‍ എട്ട റണ്‍സ് മാത്രമെടുത്ത് മടങ്ങി. ദീപക് ചാഹര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ 17 പന്തില്‍ 21 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ പുറത്താക്കി ചാഹര്‍ ഗുജറാത്തിന് ഇരട്ട പ്രഹരമേല്പിച്ചു. ടീം സ്കോര്‍ 55ല്‍ നില്‍ക്കേ വിജയ് ശങ്കറിനെ ഡാരില്‍ മിച്ചല്‍ ധോണിയുടെ കൈകളിലെത്തിച്ചു. 12 റണ്‍സെടുത്ത ശങ്കറിനെ പുറത്താക്കിയ ക്യാച്ച് അതിമനോഹരമായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അപകടം വിതയ്്ക്കുന്ന ഡേവിഡ് മില്ലറെ (21) തുഷാര്‍ ദേശ്പാണ്ഡെ മടക്കി. ഇംപാക്റ്റ് പ്ലെയറായി എത്തി 37 റണ്‍സെടുത്ത സായ് സുദര്ശന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ശിവം ദുബെ (51), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (46), രചിന് രവീന്ദ്ര (46) എന്നിവരുടെ പ്രകടനമാണ് ചെന്നൈയെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. ഒന്നാം വിക്കറ്റില്‍ രചിന് – ഗെയ്കവാദ് സഖ്യം 62 റണ്‍സാണ് ചേര്‍ത്തത്. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രചിന്റെ ഇന്നിങ്സ്.
36 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് ഒരു സിക്സും അഞ്ച് ഫോറും നേടി. 13-ാം ഓവറില്‍ ഗെയ്ക്വാദിനെ സ്പെന്‍സര്‍ ജോണ്സണ് മടക്കി. പിന്നീട് ക്രിസീലെത്തിയ ദുബെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട ആദ്യ രണ്ട് പന്തും ദുബെ സിക്സര്‍ പറത്തി. 23 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. ഡാരില്‍ മിച്ചല്‍ (24), സമീര്‍ റിസ്വി (14), രവീന്ദ്ര ജഡേജ (6) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്കോര്‍. ഗുജറാത്തിനായി റാഷിദ് ഖാന് രണ്ട് വിക്കറ്റ് നേടി.
Story highlights : Chennai Super Kings Beat Gujarat Titans