20 ലക്ഷം വർഷങ്ങൾ മുമ്പ് അപ്രത്യക്ഷമായ വൃക്ഷത്തെ കണ്ടെത്തി; ഇപ്പോൾ വളർത്തുന്നത് രഹസ്യകേന്ദ്രങ്ങളിൽ

March 7, 2024

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമിയിലുള്ളതും എന്നാല്‍ ഇപ്പോഴും കാര്യമായ പരിവര്‍ത്തനത്തിന് വിധേയമാകാതെ നിലനില്‍ക്കുന്നതുമായ സസ്യജന്തു ജാലങ്ങളെ ജീവിക്കുന്ന ഫോസില്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ ഗണത്തില്‍പെടുന്ന മരങ്ങളും ഉണ്ടെന്നാണ് ഈ മേഖലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന വൊല്ലെമി പൈന്‍സ് എന്ന മരങ്ങള്‍ ഈ വിഭാഗത്തില്‍പെടുന്നതാണ്. ( Living fossil tree Wollemi pines in Australia )

ഈ മരങ്ങളുടെ ഫോസിലുകള്‍ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മരങ്ങളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഇവയ്ക്ക് 20 ലക്ഷം വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 1994ല്‍ ഓസ്ട്രേലിയയിലെ ബ്ലൂ മൗണ്ടന്‍സില്‍ ട്രെക്കിങ്ങിന് പോയ പര്യവേഷകരാണ് ഈ മരങ്ങളെ വീണ്ടും കണ്ടെത്തിയത്. അതോടെയാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരണമുണ്ടായത്.

ഓസ്ട്രേലിയയിലെ വൊല്ലാമി ദേശീയോദ്യാനത്തില്‍ 60 മരങ്ങളാണ് ഉള്ളത്. എന്നാല്‍ ഇത്രയും പഴക്കമേറിയ സസ്യങ്ങളുടെ ശേഷിപ്പുകള്‍ പലതരത്തിലുള്ള ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. ഫൈറ്റോഫ്തോറ സിന്നമോമി എന്ന ഫംഗസ് ഇവയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീയും ഈ മരങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്നുണ്ട്.

Read Also : കൊക്കോകോളയിൽ കുളിച്ചാലോ? നിറംകൊണ്ട് വേറിട്ടൊരു ലഗൂൺ!

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയ ഈ മരങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് ഇപ്പോള്‍ ലോകത്തിലെ പല രഹസ്യ സ്ഥലങ്ങളിലും വളര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെയും പ്രകൃതിസംരക്ഷകരുടെയും സംയുക്ത കൂട്ടായ്മയായ വൊല്ലെമി പൈന്‍ റിക്കവറി ടീമും ഈ അപൂര്‍വമരത്തെ വംശനാശത്തില്‍ നിന്നു രക്ഷിക്കാനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Story highlights : Living fossil tree Wollemi pines in Australia