ഫിഫ്റ്റിയുമായി സാം കറൻ, സിക്സർ പറത്തി ജയിപ്പിച്ച് ലിവിങ്സ്റ്റൺ; തിരിച്ചുവരവിൽ തോൽവിയോടെ മടങ്ങി പന്ത്..!

March 23, 2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണില്‍ ജയത്തോടെ തുടങ്ങി പഞ്ചാബ് കിങ്‌സ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ നാല് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്. ഐ.പി.എല്ലിലെ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയ സാം കറന്‍ ആണ് പഞ്ചാബിന്റെ വിജയശില്‍പി. 47 പന്തില്‍ 63 റണ്‍സാണ് കറന്‍ നേടിയത്. 21 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണും നിര്‍ണായകമായ സംഭാവന നല്‍കി. സ്‌കോര്‍: ഡല്‍ഹി-174-9. പഞ്ചാബ്-177-6 (19.2 ഓവര്‍). ( Punjab Kings vs Delhi Capitals IPL 2024 )

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സിലേക്ക് ബാറ്റുവീശിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ നാല് ബൗണ്ടറി അടക്കം 17 റണ്‍സാണ് ഓപ്പണര്‍മാരായ ധവാനും ബെയര്‍‌സ്റ്റോയും അടിച്ചെടുത്തത്. മികച്ച തുടക്കം നല്‍കിയതിന് പിന്നാലെ ധവാന്‍ (22), ഇഷാന്ത് ശര്‍മയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു. ആ ഓവറില്‍ തന്നെ ജോണി ബെയര്‍സ്റ്റോ റണ്ണൗട്ടായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ സാം കറന്‍ അടിച്ചുതുടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ ഉയര്‍ന്നു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ പ്രഭ്‌സിമ്രന്‍ സിങ് മികച്ച പിന്തുണ നല്‍കി. 17 പന്തില്‍ 26 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കിയാണ് പ്രഭ്സിമ്രാന്‍ മടങ്ങിയത്.

ടീം സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ജിതേഷ് ശര്‍മയെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച് സാം കറന്‍ സ്‌കോറിങ്ങിന് വേഗം കൂട്ടി. വിജയത്തിന് എട്ട് റണ്‍സകലെ ടീം സ്‌കോര്‍ 167 ല്‍ നില്‍ക്കെ കറന്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ ശശാങ്ക് സിങ് പുറത്തായി. തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഖലീല്‍ അഹമ്മദ് പഞ്ചാബിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ഓവറിലെ രണ്ടാം പന്ത് സികസറിന് പറത്തിയ ലിയാം ലിവിങ്സ്റ്റന്‍ കളി ജയിപ്പിച്ചു. ഡല്‍ഹിക്കായി ഖലീല്‍ അഹ്‌മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

Read Also : ആരാധകരുടെ തലയായി, തലൈവനായ്; ധോണി പടിയിറങ്ങുമ്പോൾ..!

നേരത്തേ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വെറും പത്ത് പന്തുകളില്‍ 32 റണ്‍സെടുത്ത അഭിഷേക് പൊരേലിന്റെ വെടിക്കെട്ടാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ച്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ഷായ് ഹോപ്പ് 33 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ് 20, ഡേവിഡ് വാര്‍ണര്‍ 29 റണ്‍സും നേടി. 14 മാസത്തെ ഇടവേള കഴിഞ്ഞ് ക്രീസിലെത്തിയ ഋഷഭ് പന്തിന് നിരാശപ്പെടുത്തി. 13 പന്തില്‍ 18 റണ്‍സാണ് നേടിയത്. പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേലിനും അര്‍ഷ്ദീപ് സിങ്ങിനും രണ്ടുവീതം വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ റബാഡ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം നേടി.

Story highlights : Punjab Kings vs Delhi Capitals IPL 2024