മറക്കില്ലൊരിക്കലും മത്തായിച്ചനെ; ഇന്നസെന്റിന്റെ ഓർമകൾക്ക് ഒരാണ്ട്..!

March 26, 2024

ഇന്നസെന്റ്.. പേര് അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഒരു മനുഷ്യന്‍.. മലയാളി സിനിമയില്‍ മറ്റൊരാള്‍ക്കും പകരംവയക്കാന്‍ കഴിയാത്ത നിരവധി വേഷങ്ങള്‍ അഭിനയിച്ച് പൊലിപ്പിച്ച മഹാനാടന്‍. ജീവിതാനുഭവങ്ങളെ നര്‍മത്തിലൂടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച കണ്ടാല്‍ ജീവിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു. കിട്ടുണ്ണിയും മാന്നാര്‍ മത്തായിയും കെ കെ ജോസഫും ഡോ. പശുപതിയും സ്വാമിനാഥനും കന്നാസും പോഞ്ഞിക്കരയും തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷക മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്. പേരുപേലെ തന്നെ നിഷ്‌കളങ്കമായിരുന്ന ഇന്നസെന്റ് ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ( Remembering legendary Actor Innocent )

1972ല്‍ നൃത്തശാല എന്ന ചിത്രത്തില്‍ പത്രക്കാരന്റെ വേഷം ചെയ്താണ് അഭിനയജീവിതത്തിലേക്ക ചുവടുവയ്ക്കുന്നത്. പിന്നീട് അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ തീപ്പെട്ടി കമ്പനിയും ലെതര്‍ ബാഗ് കച്ചവടവും ഒക്കെ അദ്ദേഹം പരീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പിന്നീട് സ്വന്തമായി നിര്‍മ്മിച്ച ഇളക്കങ്ങളിലെ കറവക്കാരന്റെ വേഷമാണ് വഴിത്തിരിവായത്. ഒടുവില്‍ 1989ല്‍ റാം ജിറാവു സ്പീക്കിംഗ് പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് മലയാള സിനിമയ്ില്‍ ചിരിയുടെ മറുവാക്കായി ഇന്നസെന്റ് എത്തുന്നത്.

ഇന്നസെന്റ് എന്ന പേര് കേട്ടാല്‍ മലയാളി മനസിലേക്ക് എത്തുന്ന ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമുണ്ട്. കഥാപാത്രങ്ങളെ ആവാഹിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അദ്ദേഹം നടനെന്ന നിലയില്‍ എല്ലാകാലത്തും വിജയമായിരുന്നു. അദ്ദേഹത്തിന്റെ നോട്ടവും ഭാവവും പ്രേക്ഷകര്‍ക്ക് കാണാപാഠമായിരുന്നു. അടിച്ചുമോനെ, വാഴയാണെങ്കിലെന്താ വാ തുറന്നു പറഞ്ഞൂടെ, പുറപ്പെട്ടൂ, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാം അടക്കം നിരവധി ഡയലോഗുകള്‍ മലയാളികളുടെ സ്ംഭാഷണങ്ങളില്‍ കടന്നുവരാത്ത ദിവസങ്ങള്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം.

നടന്‍ എന്ന നിലയില്‍ മാത്രമല്ല, മികച്ച രാഷ്ട്രീയക്കാരനും കൂടിയാണെന്ന് തെളിയിച്ച ഒരാള്‍ കൂടിയാണ് ഇന്നസെന്റ്. 2014ല്‍ ഇടത് സ്വതന്ത്രനായി ലോക്‌സഭയിലേക്ക് എത്തിയ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണ വളരെ വലുതായിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും നിഷ്‌കളങ്കമായ മനസിന് ഉടമയായിരുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട അദ്ദേഹത്തിന് മുന്നില്‍ കാന്‍സര്‍ പോലും തോറ്റ് പിന്‍മാറി. രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തി ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകവും എഴുതി.

Read Also : നടനകലയുടെ സൗകുമാര്യം ; സുകുമാരിയമ്മ അരങ്ങൊഴിഞ്ഞിട്ട് 11 ആണ്ട്

അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന അഭിനയ ജീവിതത്തിനൊടുവില്‍ മലയാള സിനിമയക്ക് ശൂന്യത സമ്മാനിച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായപ്പോള്‍, അദ്ദഹം ചെയ്തുവച്ച കഥാപാത്രങ്ങളും ചിരികളും മാത്രമാണ് ബാക്കിയായത്. മലയാളി പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള തമാശയുടെ മാലപ്പടക്കം തീര്‍ത്താണ് ആ അതുല്യപ്രതിഭ വിടവാങ്ങിയത്.

Story highlights : Remembering legendary Actor Innocent