അഭിമാന നിമിഷം; പോര്‍ച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ തോമസിന്

March 10, 2024

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നേട്ടം കൊയ്ത് മലയാളികളുടെ പ്രിയനടന്‍ ടൊവിനോ തോമസ്. പോര്‍ച്ചുഗലിലെ ഫാന്റസ്പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 44-ാമത് പതിപ്പിലാണ് മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യ ജലകങ്ങള്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ തേടി രാജ്യന്തര അംഗീകാരമെത്തിയത്. ( Tovino wins best actor in Fantasporto international Film Festival )

മാര്‍ച്ച് ഏഴിനാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഏഷ്യന്‍ സിനിമകള്‍ക്കായുള്ള പ്രധാന മത്സര വിഭാഗത്തിലും ഓറിയന്റ് എക്സ്പ്രസ് വിഭാഗത്തിലുമാണ് സിനിമയെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം ഫാന്റസ്പോര്‍ട്ടോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും അദൃശ്യ ജാലകത്തിനുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിവരം ടൊവിനോ തോമസ് തന്നെയാണ് ആരാധകരെ അറിയിച്ചത്.

‘അദൃശ്യ ജാലകങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് പോര്‍ച്ചുഗലില്‍ നടന്ന ഫാന്റസ്പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയതില്‍ അങ്ങേയറ്റം ആദരവും അഭിമാനവും തോന്നുന്നു. വളരെ ദൂരെയായിരുന്നിട്ടും ഈ സിനിമയ്ക്ക് ഊഷ്മളമായ സ്വീകരണവും അംഗീകാരവും ലഭിച്ചത് ശരിക്കും ശ്രദ്ധേയമായ കാര്യമാണ്. അദൃശ്യ ജാലകങ്ങള്‍ എത്ര മഹത്തായ അധ്യായമാണ്. ആ കഥാപാത്രത്തിനായി എന്നെ തെരെഞ്ഞെടുത്ത സിനിമയുടെ ഭാഗമായ എല്ലാവരോടും, പ്രത്യേകിച്ച് എന്റെ സംവിധായകനും നിര്‍മാതാക്കള്‍ക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഈ സിനിമയുടെ വിജയം തുടരട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും,’ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിനൊപ്പം ടൊവിനോ കുറിച്ചു.

നാനൂറില്‍ അധികം ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ഫാന്റസ്പോര്‍ട്ടോ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാനെത്തിയത്. അതില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 90 ഫീച്ചര്‍ ഫിലിമുകളാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

Read Also: ‘ഭയന്തിട്ടിയാ? സുമ്മാ നടിപ്പ് താ’; അഭിനയം കണ്ട് പേടിച്ച ക്യാമറമാനെ ആശ്വസിപ്പിച്ച് മമ്മൂക്ക – വീഡിയോ

നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ‘അദൃശ്യ ജലകങ്ങള്‍’ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു സാങ്കല്‍പ്പിക ലോകത്ത് നടക്കുന്ന കഥയെ സര്‍ റിയലിസ്റ്റിക് സമീപനത്തോടെയാണ് ഡോ. ബിജു ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുള്ളത്. യാഥാര്‍ഥ്യങ്ങള്‍ക്കുമപ്പുറം അതീന്ദ്രമായൊരു ലോകത്തേക്ക് ടൊവിനോയുടെ കഥാപാത്രത്തെ എത്തിക്കുകയാണ് സംവിധായകന്‍. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. സംവിധായകന്റെ പതിവ് രീതിയായ പേരില്ലാത്ത കഥാപാത്രമായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

Story highlights : Tovino wins best actor in Fantasporto international Film Festival