അവസാന ഓവറിൽ ഹർഷലിനെ തല്ലിത്തകർത്ത് 21-കാരൻ പയ്യൻ; ആരാണ് അഭിഷേക് പൊറൽ..?
ഐപിഎല്‍ 17-ാം സീസണിലെ പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. ടോസ് നേടി ഡല്‍ഹിയെ ബാറ്റിങ്ങിനയച്ച പഞ്ചാബ് നായകന് ശിഖര്‍ ധവാന് പ്രതീക്ഷിച്ചപോലെ തന്നെ ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. 150 റണ്‍സില്‍ ഡല്‍ഹി ഒതുങ്ങും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഇരുപതാം ഓവറില്‍ ആരാധകരെ ത്രില്ലടിപ്പിച്ച് 21 വയസുകാരന് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഒരു ഇംപാക്ട് പ്ലെയര്‍ എങ്ങനെയായിരിക്കണം എന്ന് മൊഹാലിയിലെ ആരാധകര്‍ക്ക് കാണിച്ചു കൊടുത്തിരിക്കുകയാണ് അഭിഷേക് പൊറല്‍. ( Who is Delhi Capital batter Abishek Porel )
മികച്ച രീതിയില്‍ ബാറ്റുവീശിയ അക്സര്‍ പട്ടേല്‍ റണ്ണൗട്ടായതോടെയാണ് പ്രതിരോധത്തിലായ ഡല്‍ഹി ഇംപാക്ട് പ്ലെയറായി അഭിഷേകിനെ കളത്തിലറക്കുകയായിരുന്നു. ഒമ്പതാം നമ്പറായി അഭിഷേക് പൊറല്‍ ക്രീസിലെത്തുമ്പോള്‍ ഡല്‍ഹിയുടെ ഇന്നിങ്സ് 17 ഓവറുകള്‍ പിന്നിട്ടിരുന്നു. സ്കോര്‍ബോര്‍ഡില്‍ എഴ് വിക്കറ്റിന് 138 റണ്‍സ്. തന്നെ കളത്തിലറക്കിയ ടീമിന്റെ പ്രതീക്ഷ കാക്കുന്നതാണ് പിന്നീട് കളത്തില്‍ കണ്ടത്.
10 പന്തുകള്‍ മാത്രം നേരിട്ട അഭിഷേക് പുറത്താവാതെ നാല് ഫോറുകളും രണ്ട് സിക്സും സഹിതം 32 റണ്‍സാണ് നേടിയത്. ഇതില്‍ തന്നെ പരിചയസമ്പന്നനും ഈ സീസണിലെ ഏറ്റവും വിലയേറിയ താരവുമായ ഹര്‍ഷല്‍ പട്ടേലിനെതിരായ ബാറ്റിങ്ങാണ് ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 21-കാരന് അടിച്ച് കൂട്ടിയത് 25 റണ്‍സ്. രണ്ടു സിക്സുകളും മൂന്നു ഫോറുകളും ഈ ഓവറില്‍ ബൗണ്ടറി കടന്നു.
ആദ്യ പന്തില്‍ സ്ക്വയര്‍ ലെഗിലേക്ക് ബൗണ്ടറിയടിച്ചാണ് അഭിഷേക് ഹര്‍ഷലിനെ വരവേറ്റത്. രണ്ടാം പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്സറിന് പറന്നു. മൂന്നാം പന്തില്‍ ഒരു മികച്ച പുള്‍ഷോട്ടിലൂടെ ബൗണ്ടറി കടന്നു. നാലാം പന്തില്‍ വീണ്ടും ബൗണ്ടറി. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ആ പയ്യന് ഒരുക്കമായിരുന്നില്ല. തൊട്ടടുത്ത പന്ത് വീണ്ടും ഗ്യാലറിയിലേക്ക് പതിക്കുന്നത് നോക്കിനില്ക്കാനെ ഹര്ഷലിനാകുമായിരുന്നുള്ളു. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായാത്. രണ്ടാം റണ്‍സിന് ശ്രമിച്ചതോടെ കുല്‍ദീപ് യാദവ് ബോളിങ് എന്‍ഡില്‍ റണ്ണൗട്ടായി. ഇതോടെ എട്ടിന് 147 എന്ന നിലയില്‍ പ്രതിരോധത്തിലായ ഡല്‍ഹി 174 റണ്‍സെന്ന സുരക്ഷിതമായ നിലയിലാണ് ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്റെ താരമാണ് അഭിഷേക് പൊറല്‍. രഞ്ജി ട്രോഫിയല്‍ അടക്കം ബംഗാളിനായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 2023 സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് അഭിഷേക് കളിച്ചത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ഇഷാന് പൊറലിന്റെ സഹോദരനാണ്. 2021 ഐപിഎല്ലില്‍ രവീന്ദ്ര ജഡേജ അവസാന ഓവറില്‍ 37 റണ്‍സ് അടിക്കുമ്പോഴും ഹര്‍ഷല്‍ പട്ടേല്‍ തന്നെയായിരുന്നു ബോളര്‍. അന്ന് ആര്‍സിബിയുടെ താരമായിരുന്നു ഹര്‍ഷല്‍ പട്ടേല്‍.
Story highlights : Who is Delhi Capital batter Abishek Porel