ഇശാന്തിന്റെ തീപാറും യോർക്കറില്‍ കുറ്റിപറന്നു; അവിശ്വസിനീയം, ഒടുവിൽ കയ്യടിച്ച് കളംവിട്ടു റസൽ

April 4, 2024

വിശാഖപട്ടണത്ത് കരീബിയന്‍ താരങ്ങളുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 106 റണ്‍സിന്റെ വ്മ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറായ 271 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 166 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇരുടീമിലെയും താരങ്ങളുടെയും ബാറ്റിങ് വിരുന്നിന് സാക്ഷിയായ ആരാധകര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ പാകത്തിലുള്ള ഓര്‍മകള്‍ ബോളര്‍മാരും സമ്മാനിച്ചു. അതിലൊന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയുടെ തീപാറും പന്ത്. ( Andre Russell Floored By Ishant Sharma’s Yorker )

മത്സരത്തിലെ ആദ്യ മൂന്ന് ഓവറുകളില്‍ ഇശാന്ത് ശര്‍മ വഴങ്ങിയത് 43 റണ്‍സ്. ഇശാന്തിന്റെ രണ്ടാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 26 റണ്‍സാണ് സുനില്‍ നരേന്‍ അടിച്ചെടുത്തത്. എന്നാല്‍ മത്സരത്തിന്റെ 20-ാം ഓവര്‍ എറിഞ്ഞ ഇശാന്ത് സുന്ദര മുഹൂര്‍ത്തമാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. ഓവറിലെ ആദ്യ പന്തെറിയാന്‍ എത്തുമ്പോള്‍ ക്രീസിലുള്ളത് ബാറ്റിങ്ങില്‍ വിസ്‌ഫോടനം തീര്‍ക്കുന്ന കരീബിയന്‍ കരുത്ത് ആന്ദ്രെ റസല്‍. ആദ്യ ഓവറുകളില്‍ ഇശാന്ത് നല്ല തല്ല് വാങ്ങിയതുകൊണ്ടും റസലിന്റെ ഫോം കാരണം റണ്‍സൊഴുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ ഇശാന്തിന്റെ ആദ്യ പന്ത് 144 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു. അപ്രതീക്ഷിതമായി എത്തിയ ആ യോര്‍ക്കര്‍ ഒന്ന് തൊടാന്‍ പോലും കഴിയാതിരുന്ന റസല്‍ മൈതാനത്ത് നിലതെറ്റി വീണു. വേഗ പന്ത് സ്റ്റമ്പ് തെറിപ്പിച്ചു കടന്നു പോയി. അവിശ്വസനീയനമായി ഇശാന്തിനെ ഒരു തവണ നോക്കിയ റസല്‍ താരത്തെ കയ്യടിച്ച് അഭിനന്ദിച്ചാണ് കളംവിട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലാണ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണ് നേടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ 277 റണ്‍സിന്റെ റെക്കോഡ് മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഓവറെറിഞ്ഞ ഇശാന്ത് ശര്‍മ കൊല്‍ക്കത്ത ബാറ്റര്‍മാരെ പിടിച്ചുകെട്ടുകയായിരുന്നു. 39 പന്തില്‍ 85 റണ്‍സ് നേടിയ സുനില്‍ നരേന്‍, അങ്ക്രിഷ് രഘുവന്‍ശി (27 പന്തില്‍ 54), ആന്ദ്രേ റസല്‍ (19 പന്തില്‍ 41), റിങ്കു സിങ് (8പന്തില്‍ 26) എന്നിവരുടെ ബാറ്റിങ് മികവിലാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ന്നത്.

Read Also : ഇൻസൾട്ടുകൾ ഇൻവെസ്റ്റ്‌മെന്റാക്കി മാറ്റിയവൻ; ഇത് റിയാൻ പരാഗ് 2.0

മറുപടി ബാറ്റിങ്ങില്‍ 25 പന്തില്‍ 55 റണ്‍സെടുത്ത ഋഷഭ് പന്തും 32 പന്തില്‍ 54 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സും മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതിയത്. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവര്‍ മൂന്ന് വീതവും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച കൊല്‍ക്കത്ത മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ നിന്നും ഡല്‍ഹിയുടെ മൂന്നാം പരാജയമാണിത്.

Story highlights : Andre Russell Floored By Ishant Sharma’s Yorker