ഒരു പെൺകുട്ടിയിൽ തുടങ്ങി ആയിരക്കണക്കിനാളുകളിലേക്ക് പടർന്ന കൂട്ടച്ചിരി; ചിരി രോഗത്തിന്റെ അറിയാക്കഥ

April 20, 2024

മനസുതുറന്നൊന്ന് ചിരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലൂടെയാണ് ഇക്കാലത്ത് പലരും കടന്നുപോകുന്നത്. മാനസിക സംഘർഷം, ആകുലതകൾ അങ്ങനെ ചിരി നഷ്ടപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ. എന്നാൽ, വർഷങ്ങൾക്ക് മുൻപ് ചിരി വെറുത്തുപോയ ഒരു ജനതയുണ്ട്. ഒരു ചിരിയിൽ തുടങ്ങി ആയിരക്കണക്കിന് ആളുകളിലേക്ക് മഹാവ്യാധിയായി പടർന്നു പിടിച്ച കൂട്ടച്ചിരി.

ചിരി പകർച്ചവ്യാധിയുടെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം 1962ൽ ടാൻസാനിയായിലാണ് ഉണ്ടായത്. ഒരു ഗേൾസ് സ്കൂളിൽ നിന്നും പൊട്ടിപ്പുറപ്പെടുകയും പിന്നീട് മറ്റ് ജനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു, അനിയന്ത്രിതമായ ചിരി. ഇതിന്റെ ഭാഗമായി ചിരി ആയിരത്തിലധികം പേരെ ബാധിക്കുകയും നിരവധി മാസങ്ങൾ നീണ്ടുനിൽക്കുകയും 14 സ്കൂളുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

സ്കൂളിലെ ടാംഗനിക്ക എന്ന പെൺകുട്ടിയാണ് ചിരിക്ക് തുടക്കമിട്ടത്. പിന്നാലെ അത് ക്ലാസ്റൂമിലെ നിരവധി കുട്ടികളിലേക്കും പിന്നീട് സ്‌കൂളിൽ പൂർണമായും പടർന്നു. സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും കുടുംബങ്ങളിലേക്കും ചുറ്റുപാടിലേക്കും ഈ ചിരി പടർന്നു പിടിക്കുകയും നിയന്ത്രിക്കാനാകാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. ചിരി കാരണം ആർക്കും ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായി.

ചിരിച്ച് ചിരിച്ച് ആളുകൾ അവശരായി തുടങ്ങി. അപ്പോൾ മാത്രമാണ് ഇതൊരു രോഗാവസ്ഥയാണ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്. പലപ്പോഴും കൂട്ട മാനസികരോഗം ആരംഭിക്കുന്നത് ഒരൊറ്റ വ്യക്തിയിൽ നിന്നാണ്.

ഏതാനും മണിക്കൂറുകൾ മുതൽ 16 ദിവസം വരെ നീണ്ടുനിൽക്കുന്ന ചിരിയാണ് പ്രധാന ലക്ഷണം. അസ്വസ്ഥത, ലക്ഷ്യമില്ലാതെ ഓട്ടം, ഇടയ്ക്കിടെയുള്ള അക്രമം ഇവയൊക്കെയാണ് ചിരി രോഗം കാരണം ആ ജനത അനുഭവിച്ചത്.

ഒരുതരം മാനസിക സംഘർഷങ്ങളിൽ നിന്നാണ് ടാൻസാനിയക്കാർക്ക് ചിരി രോഗം വന്നതെന്ന് പിന്നീട് ടെക്സാസ് എ ആൻഡ് എ സർവകലാശാലയിലെ ക്രിസ്റ്റ്യൻ ഹെംപെൽമാൻ പറഞ്ഞിരുന്നു. ‘സോഷ്യോജെനിക് ഇൽനെസ്’ എന്നാണ് ഈ രോഗത്തിനെ വിശേഷിപ്പിക്കുന്നത്.

Read also: 40 വർഷം കൊണ്ട് പൂർത്തിയായ സിനിമ, ചെലവ് 1000 കോടിയിലധികം; ‘മെഗാലോപോളിസ്’ റിലീസിനായി ഇനിയും കാത്തിരിക്കണം

ലോകം മുഴുവൻ ഇപ്പോഴും ഈ ചിരി രോഗം തമാശയോടെയാണ് കാണുന്നത്. എന്നാൽ കൂട്ടമായി അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് വിരളമല്ല. ചിരിക്ക് പകരം കരച്ചിലോ മറ്റേതെങ്കിലും അവസ്ഥയോ ആകാം എന്നുമാത്രം. സമ്മർദ്ദകരമായ ഒരു സാഹചര്യത്തിൽ അകപ്പെടുന്ന ആളുകൾക്ക് സമാനമായ മാനസിക രോഗങ്ങൾ ഉണ്ടാകുന്നു.

Story highlights- Laughter Epidemic history