ഈ നാട്ടുകാർ ദിവസവും 60 ട്രെയിൻ ടിക്കറ്റുകൾ എടുക്കും; പക്ഷെ ആരും എവിടെയും പോകുന്നില്ല, കാരണമറിയാം
രാജ്യത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും വഹിക്കുന്നത് ഇന്ത്യൻ റെയിൽവേയാണ്. പ്രതീക്ഷിക്കുന്ന വരുമാനം ഇല്ലെങ്കിൽ പല സ്റ്റേഷനുകളിലും പ്രധാന ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഒഴിവാക്കാറാണ്ട്. അത്തരത്തിൽ നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തെലങ്കാനയിലെ നെകോണ്ട ഗ്രാമവാസികൾ. അതിനായി അവർ ചെയ്യുന്ന കാര്യമാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്. ( Nekonda villagers buying 60 train ticket daily but dont travel )
യാത്ര പോകേണ്ടതായിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി നെകോണ്ട ഗ്രാമത്തിലെ ജനങ്ങൾ എടുക്കുന്നത് 60 ട്രെയിൻ ടിക്കറ്റുകളാണ്. ഈ ടിക്കറ്റുകളിലൊന്നും ആരും യാത്ര ചെയ്യുന്നില്ല. കാലങ്ങളായി നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനരാരംഭിക്കാനാണ് ഇത്തരത്തിലൊരു ടിക്കറ്റ് എടുക്കൽ.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്ത നാട്ടുകാർക്ക് വലിയ രീതിയിലുള്ള യാത്രാക്ലേശത്തിന് കാരണമായിരുന്നു. അങ്ങനെ അവർ പലതവണ റെയിൽവെ അധികൃതരോട് ഇവിടെ ട്രെയിൻ അനുവദിക്കാൻ അഭ്യർത്ഥിച്ചു. അങ്ങനെ സെക്കന്തരാബാദിൽ നിന്ന് ഗുണ്ടൂരിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിന് നെകോണ്ടയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിക്കുകയാരുന്നു. എന്നാൽ, മൂന്ന് മാസം ഇവിടെ നിന്നും റെയിൽവേയ്ക്ക് വരുമാനം ഉണ്ടാകണം അല്ലെങ്കിൽ ഈ ട്രെയിനും കാൻസൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചിരുന്നു.
ഇതോടെയാണ് കാത്തുകാത്ത് കിട്ടിയ ട്രെയിനിന്റെ നിലനിൽപിനായി നാട്ടുകാർ രംഗത്തെത്തിയത്. അങ്ങനെ ഗ്രാമവാസികളെല്ലാം ചേർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. ദിവസവും ടിക്കറ്റ് എടുക്കാനുള്ള പണവും സ്വരൂപിച്ചു. അതുവച്ച് ഓരോ ദിവസവും 60 ടിക്കറ്റുകൾ എടുക്കുകയായിരുന്നു.
നേരത്തെ മാധ്യമപ്രവർത്തകനായ സുധാകർ ഉദുമുല ഇക്കാര്യം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ഈ ഗ്രാമം വലിയ ചർച്ചയായിരുന്നു. readingroomindia ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതുസംബന്ധിച്ച് ഒരു പോസ്റ്റിട്ടതോടെയാണ് ഈ ഗ്രാമം വീണ്ടും ചർച്ചയായത്. ഈ ഗ്രാമത്തിലെ ജനങ്ങൾ ടിക്കറ്റ് വാങ്ങാൻ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടുണ്ടാകും, നിലിവിലെ അവസ്ഥ എന്താണ് എന്നായിരുന്നു കുറിപ്പ്.
ടാർഗറ്റ് പൂർത്തിയാക്കിയതോടെ ഇപ്പോൾ ഇവിടെ ഇന്റർസിറ്റി ട്രെയിൻ നിർത്തുന്നുണ്ടെന്നാണ് ഈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പോസ്റ്റിൽ കമന്റ് ചെയ്തത്. നേരത്തെ റദ്ദാക്കിയ കൂടുതൽ ട്രെയിനുകൾക്ക് വേണ്ടി പോരാട്ടം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story highlights : Nekonda villagers buying 60 train ticket daily but dont travel