സ്ഥാനമുറപ്പിച്ച് ഋഷഭ് പന്ത്; ലോകകപ്പിന് രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ രാഹുലോ..?
ജൂണിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരെല്ലാം ഇടംപിടിക്കും എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടിയലെ വലിയ ചർച്ച. നിലവിൽ പകുതിയോളം മത്സരങ്ങൾ പിന്നിട്ട ഐപിഎല്ലിലെ പ്രകടനങ്ങൾ ടീമിലേക്കുള്ള തെരെഞ്ഞെടുപ്പിൽ മാനദണ്ഡമാകുമെങ്കിലും മറ്റു ചില സാഹചര്യങ്ങളും ഇതിൽ നിർണായക പങ്കുവഹിക്കും. ടീമിലെ പല താരങ്ങളും ഇടമുറപ്പാക്കുമ്പോൾ ചിലർക്ക് പലവിധ സാഹചര്യങ്ങളെ ആശ്രയിച്ചുകൂടിയാണ് ഭാവി നിർണയിക്കുക. ( T20 World Cup KL Rahul ahead of Sanju Samson )
സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും സൂര്യകുമാർ യാദവും ജസ്പ്രീത് ബുമ്രയും ടീമിലെ ഒഴിച്ചുകൂടാനാകാത്ത താരങ്ങളാണ്. എന്നാൽ വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലാണ് ഈ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നതിനായി കടുത്ത പോരാട്ടം നടക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്ത് ലോകകപ്പ് സ്ക്വാഡിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പിച്ച സ്ഥിതിയാണ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഒരൊറ്റ ഇന്നിങ്സ് താരത്തെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത പതിൻമടങ്ങ് വർധിപ്പിക്കുകയും ചെയ്തു. ഐപിഎല്ലിലെ റൺവേട്ടക്കാരിൽ വിരാട് കോലിക്കും ഋതുരാജ് ഗെയക്വാദിനും താഴെ മൂന്നാമതാണ് പന്തിന്റെ സ്ഥാനം. ഒൻപത് ഇന്നിങ്സുകളിൽ നിന്നായി 48.86 ശരാശരിയിൽ 334 റൺസാണ് ഡൽഹി നായകൻ നേടിയിട്ടുള്ളത്.
ഇതോടെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള പോരാട്ടമാണ് കടുക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, ജിതേഷ് ശർമ, ധ്രുവ് ജുറെൽ എന്നിവരായിരുന്നു ആദ്യ ഘട്ടത്തിൽ ഈ സ്ഥാനത്തിനായി മത്സരിച്ചിരുന്നത്. എന്നാൽ ഐപിഎൽ പാതി പിന്നിട്ടതോടെ വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കെ.എൽ രാഹുലും സഞ്ജുവും മാത്രമായി ചുരുങ്ങി.
ഇതിൽ തന്നെ സഞ്ജുവിനേക്കാൾ ചെറിയൊരു മുൻതൂക്കം രാഹുലിനാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദേശ പിച്ചുകളിൽ കളിച്ചുള്ള പരിചയവും ദേശീയ ടീമിലെ സമീപകാലത്തെ പ്രകടനവുമെല്ലാം രാഹുലിന് അനുകൂല ഘടകങ്ങളാണ്. മെയ് ഒന്നിന് മുൻപായി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ബിസിസിഐ ഉത്തരവ്. റിപ്പോർട്ടുകൾ പ്രകാരം ഈ മാസം 27 അല്ലെങ്കിൽ 28 തിയ്യതികളിലായി ടീമിനെ പ്രഖ്യാപിക്കും. അതുകൊണ്ടുതന്നെ ഇനിയുള്ള ഐപിഎൽ മത്സരങ്ങൾ നിർണായകമാകും.
നിലവിൽ റൺവേട്ടക്കാരുടെ പട്ടികയിൽ സഞ്ജു ഏഴാമതും രാഹുൽ പതിനൊന്നാമതുമാണ്. ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഏറെ അവഗണനകൾ നേരിട്ട താരമാണ് സഞ്ജു. എന്നാൽ ഈ ഐപിഎൽ സീസണിൽ മികച്ച ബാറ്റിങ്, ക്യാപ്റ്റൻസി പ്രകടനുമായി ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ് മലയാളി നായകൻ. ബിസിസിഐയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ടീമിൽ ഇടംപിടിച്ചേക്കില്ല.
ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടെന്നാണ് റിപ്പോർട്ടുകൾ. ബാറ്റിങ്ങിൽ സ്ഥിരതയില്ലായ്മയും ബോളിങ്ങിലെ മോശം ഫോമും സെലക്ടർമാരെ അങ്കലാപ്പിലാക്കുന്നത്. ഇതോടെ താരത്തിന് പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സിനായി മിന്നും ഫോമിൽ കളിക്കുന്ന ശിവം ദുബെയാണ് പരിഗണിക്കുന്നത്. ചെന്നൈയുടെ മത്സരങ്ങളിലെല്ലാം ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തുന്ന ദുബെ ഇതുവരെ പന്തെറിഞ്ഞിട്ടില്ല എന്നതും വെല്ലുവിളിയാണ്.
ബോളർമാരിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും അർഷ്ദീപ് സിങ്, നടരാജൻ, ആവേശ് ഖാൻ എന്നിവരിൽ ഒരാളും ടീമിലെത്തിയേക്കും. സ്പിൻ സ്പെഷ്യലിസ്റ്റ് ബോളറായി കുൽദീപ് യാദവും ഓൾറൗണ്ടർ പട്ടികയിൽ രവീന്ദ്ര ജഡേജയും സ്ഥാനമുറപ്പിച്ചേക്കും. രണ്ടാം സ്പിന്നറായി രവി ബിഷ്ണോയിയോ ഐപിഎൽ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ എത്തിയേക്കും.
Story highlights : T20 World Cup KL Rahul ahead of Sanju Samson