അടച്ചുപൂട്ടലിൽ നിന്നും ഐഎസ്എല്ലിലേക്ക്; മുഹമ്മദൻസ് ക്ലബിന് പറയാനുണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ കഥ..!

ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമാണ് ബംഗാള്‍. കൊല്‍ക്കത്തയുടെ പ്രാന്തപദേശങ്ങളില്‍ സ്ഥാപിതമായ ക്ലബുകള്‍, ഇന്ത്യയിലെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട. ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് പറയുമ്പോള്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം ഒഴിച്ചുകൂടാനാകാത്ത ഫുട്ബോള്‍ ക്ലബ്ബാണ് മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബ്. 1887-ല്‍ ജൂബിലി ക്ലബ്ബായി ആരംഭിച്ച് 1891-ല്‍ മുഹമ്മദന്‍സ് എന്ന് പേരുമാറ്റി 133 വര്‍ഷത്തെ പാരമ്പര്യമുള്ള ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്സ് പുതുചരിത്രം കുറിച്ചിരിക്കുകയാണ്. പഴയ പ്രതാപം തിരികെപ്പിടിച്ച് അടുത്ത സീസണില്‍ ഇന്ത്യയിലെ ടോപ് ഡിവിഷന് ഫുട്ബോള്‍ ലീഗായ ഐഎസ്ല്ലില് പന്ത് തട്ടാനൊരുങ്ങുകയാണ്. ( The resurgence of 133 years old club Mohammedans )
റഷ്യക്കാരനായ ആന്ദ്രേ ചെര്‍നിഷോവ് പരിശീലിപ്പിക്കുന്ന മുഹമ്മദന്‍സ് ആദ്യമായി ഐ ലീഗ് ജേതാക്കളായിരിക്കുകയാണ്. ഐ ലീഗ് കിരീടം ചൂടിയതോടെയാണ് അടുത്ത സീസണില്‍ ടീം ഐ.എസ്.എല്ലില്‍ കളിക്കും. സ്ഥാപിതമായത് മുതല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്താളുകളില്‍ എഴുതപ്പെട്ട പേരാണ് മുഹമ്മദന്സിന്റേത്. കല്‍ക്കത്ത ലീഗുകളിലെ തുടര്‍ച്ചയായ കിരീട നേട്ടങ്ങളും മനോഹരമായ ഫുട്ബോളും മുഹമ്മദന്‍സിന് വലിയ ആരാധവൃന്ദത്തെ നേടിക്കൊടുത്തു. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഫുട്ബോള്‍ ഭീമന്മാരായി ഉയര്‍ന്നുവരുന്നതിന് മുമ്പ്, ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖമായിരുന്നു മുഹമ്മദന്‍ സ്പോര്‍ട്ടിങ്. 1934-ല്‍ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് നേടിയത് ഒരു സുപ്രധാന നാഴികക്കല്ലായി മാറി. ഇതോടെയാണ് മുഹമ്മദന്‍സിന്റെ ആധിപത്യത്തിന് തുടക്കമായത്. പിന്നീട് 1938 വരെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ലീഗ് കിരീടം നേടി മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ആരാധക മനസുകളില്‍ ഇടംപിടിച്ചു.
1990-കള്‍ക്കു ശേഷം പിന്നാക്കം പോകുകയും ഒരു പതിറ്റാണ്ടു മുമ്പ് കടക്കെണി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. പരിമിതമായ വരുമാന സ്രോതസ്സുകള്‍ക്കൊപ്പം ഉയര്‍ന്ന തലത്തില്‍ മത്സരിക്കാനുള്ള ചെലവുകള്‍ വര്‍ധിച്ചതും ക്ലബ്ബിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. താരങ്ങള്‍ക്കും പരിശീലകര്‍ക്കും പ്രതിഫലം നല്കുന്നതില് വരെ ടീം മാനേജ്മെന്റ് പരാജയപ്പെട്ടിരുന്നു. പിന്നീട്് കൃത്യമായ തയ്യാറെടുപ്പുകളോടെ ഘട്ടം ഘട്ടമായി മുന്നേറിയ ക്ലബിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ഐ-ലീഗ് കിരീടം.
രണ്ട് തവണ ഫെഡറേഷന് കപ്പും 14 തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗും രണ്ടുവട്ടം ഡ്യൂറാന്‍ഡ് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും ആറ് തവണ റോവേഴ്സ് കപ്പും നാല് തവണ സേട്ട് നാഗ്ജി ട്രോഫിയും നേടിയ മുഹമ്മദന്‍സിന് ഐ ലീഗ് കിരീടം കിട്ടാക്കനിയായിരുന്നു. 2007-ല്‍ ഇന്ത്യയിലെ ആദ്യത്തെ ടോപ്-ടയര്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായി ആരംഭിച്ച ഐ-ലീഗില്‍ കിരീടം നേടാന്‍ മുഹമ്മദന്‍സിന് 2024 വരെ കാത്തിരിക്കേണ്ടി വന്നു.
ഹോണ്ടുറാസ് താരം എഡ്ഡി ഗബ്രിയേല്‍ ഹെര്‍ണാണ്ടസാണ് കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ മുന്നേറ്റം നയിക്കുന്നത്. 13 ഗോളുമായി ലീഗിലെ ഗോള്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് 33-കാരനായ എഡ്ഡി. പ്രതിരോധത്തില്‍ ഊന്നിയാണ് ആന്ദ്രേ ചെര്‍നിഷോവ് ടീമിനായി തന്ത്രങ്ങള്‍ മെനയുന്നത്. ഈ സീസണിലെ 22 മത്സരങ്ങളില്‍ തോറ്റത് ഒരു മത്സരത്തില്‍ മാത്രം. 41 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചപ്പോള്‍ വഴങ്ങിയത് 18 എണ്ണം മാത്രമാണ് എന്നത് ടീമിന്റെ പ്രതിരോധത്തിന്റെ കരുത്ത് വ്യകതമാക്കുന്നതാണ്.
Read Also : ‘ആർആറിന്റെ പിങ്ക് പ്രോമിസ്’ ; സോളാര്‍ വെളിച്ചം 78 വീടുകളിൽ
ജോസഫ് അഡേക്കും സോഡിങ്ലിയാന റാല്‍തെക്കുമൊപ്പം മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ മുഹമ്മദ് ജാസിമും തിരൂരുകാരന്‍ മുഹമ്മദ് ഇര്‍ഷാദുമാണ് മുഹമ്മദന്‍സ് പ്രതിരോധക്കോട്ട കാക്കുന്നത്. അലക്സിസ് ഗോമസിനും ബെനെസ്ടണ്‍ ബാരെറ്റോക്കും ബികാഷ് സിങ് സഗോല്‍സെമിനും ഡേവിഡ് ലാല്‍ഹാല്‍സംഗയ്ക്കുമൊപ്പം ഉസ്ബക്കിസ്താന് താരം മിര്‍ജാലോല്‍ കാഷിമോവ് കൂടിയെത്തുന്നതോടെ ടീമിന്റെ കരുത്ത് ഇരട്ടിയാകുന്നു. ഷില്ലോങ് ലജോങ്ങിനെ 2-1 ന് പരാജയപ്പെടുത്തിയതോടെയാണ് ഒരു മത്സരം ശേഷിക്കേ മുഹമ്മദന്‍സ് കിരീടമുറപ്പിച്ചത്.
Story highlights : The resurgence of 133 years old club Mohammedans