ചീയോതിക്കാവിൽ ‘ടൊവിനോ മാജിക്’; എആർമ്മിനായി ആവേശത്തോടെ പ്രേക്ഷകർ..!

September 13, 2024

ഈ വർഷത്തെ ഓണം റിലീസുകളിൽ ഏറെ ശ്രദ്ധ നേ‍ടിയ ചിത്രങ്ങളിലൊന്നായിരുന്നു ടൊവിനോ ചിത്രം എആര്‍എം അഥവാ അജയന്‍റെ രണ്ടാം മോഷണം. പ്രീ റിലീസ് സമയത്ത് പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ മികച്ചൊരു ദൃശ്യാവിഷ്കാരം തന്നെയാണ് എആര്‍എം. ടൊവിനോയുടെ കരിയറിലെ അമ്പതാം ചിത്രമാണിത്. നവാ​ഗതനായ ജിതിൻ ലാൽ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ടൊവിനോ ട്രിപ്പിൾ റോളിലാണ് എത്തുന്നത്. സെപ്റ്റംബർ 12ന് റിലീസായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ( Tovino’s ARM top among onam releases )

ആദ്യദിനം മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയുടെ കണക്ക് സിനിമയുമായി ബന്ധപ്പെട്ടവർ പുറത്തുവിട്ടിരുന്നു. 24 മണിക്കൂര്‍ കൊണ്ട് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ കണക്കാണ് പുറത്തെത്തിയിരിക്കുന്നത്. 94,000ല്‍ അധികം ടിക്കറ്റുകളാണ് ആദ്യ ദിവസത്തില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റിട്ടുള്ളത്. ഓണം സീസണ്‍ ആരംഭിക്കുമ്പോള്‍ മലയാളം സിനിമയ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന ഒരു കണക്കാണിത്.

ടൊവിനോയുടെ ട്രിപ്പിൾ റോളും 3-ഡി ദൃശ്യമികവോടെ കാണാം എന്നതും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ടൊവിനോയുടെ മൂന്ന് കഥാപാത്രങ്ങൾ. ചീയോതിക്കാവ് എന്ന സാങ്കൽപികദേശത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും കടന്നുചെല്ലുന്ന ചിത്രം മലയാളസിനിമ ഇന്നുവരെ കാണാത്ത വിസ്മയക്കാഴ്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ 3D ചിത്രം നിർമിച്ചിരിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

Read Also : വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!

തമിഴ്, തെലുഗു, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

Story highlights : Tovino’s ARM top among onam releases