റിലീസിന് മുമ്പ് സർപ്രൈസായി വിനായകന്റെയും സുരാജിന്റെയും കിടിലൻ സീനുകൾ; വ്യത്യസ്ത പ്രചരണവുമായി ‘തെക്ക് വടക്ക്’ ടീം

October 3, 2024

നാളെ റിലീസിന് ഒരുങ്ങവെ ‘തെക്ക് വടക്ക്’ സിനിമയുടെ സീനുകൾ പുറത്തുവിട്ട് പ്രേക്ഷകരെ ഞെട്ടിച്ച് അണിയറ പ്രവർത്തകർ. വിനായകന്റെയും സുരാജ് വെഞ്ഞാറമൂടിൻ്റെയും കിടിലൻ പെർഫോമൻസ് നിറഞ്ഞ രംഗങ്ങളാണ് ചിത്രം പുറത്തിറങ്ങും മുമ്പ് പ്രക്ഷേകർക്ക് സർപ്രൈസായി പുറത്തുവിട്ടത്. വ്യത്യസ്തമായ പ്രചരണത്തിൻ്റെ ഭാഗമായി വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകൾ വീതമാണ് ടീസറായി റിലീസ് ചെയ്തിരിക്കുന്നത്. ‘സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകർക്ക് വ്യക്തമാകാനാണ് സീനുകൾ തന്നെ പുറത്തു വിട്ടതെന്ന് നിർമാതാവ് അൻജന ഫിലിപ്പ് പറഞ്ഞു. ശങ്കുണ്ണിയുടേയും മാധവന്റേയും രാജ്യങ്ങൾ എന്ന പേരിലാണ് ടീസർ എത്തിയത്. ( Scenes of Thekku Vadakku are out before the release )

മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയിൽ പോകണം എന്ന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോൾ സുരാജ് പ്രതികരിക്കുന്ന സീനാണ് പുറത്തു വന്നതിൽ ആദ്യത്തേത്. മകനെ കൊണ്ട് നുണപറഞ്ഞ് ചാക്ക് ചുമപ്പിക്കുന്ന ശങ്കുണ്ണിയെ സീനിൽ കാണാം. വക്കീൽ ഓഫിസിലെത്തിയ വിനായകൻ അവതരിപ്പിക്കുന്ന മാധവൻ വനിത അഭിഭാഷകരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ. അഡ്വ. അലക്സാണ്ടറെ തിരഞ്ഞെത്തുന്ന മാധവന്റെ വാക്കുകളിൽ കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തം.

അരിമിൽ ഉടമയാണ് ശങ്കുണ്ണി. മാധവൻ റിട്ടയേഡ് കെഎസ്ഇബി എഞ്ചിനീയറും- ഇരുവർക്കും ഇടയിലെ പോരാണ് സിനിമ അവതരിപ്പിക്കുന്നത്. ലോകമാകെ തിയറ്ററുകളിൽ തെക്ക് വടക്ക് നാളെ റിലീസ് ചെയ്യും. കേരളത്തിൽ ഇരുന്നൂറിലേറെ തിയറ്ററുകളിലുണ്ട്. ബുക്കിങ് ആരംഭിച്ചതായും അണിയറ പ്രവർത്തകർ അറിയിച്ചു.

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Story highlights : Scenes of Thekku Vadakku are out before the release