രജനികാന്ത് ചിത്രവുമായി കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ്; തലൈവർ 173 പ്രഖ്യാപിച്ചു

January 3, 2026
Kamal Haasan’s Raaj Kamal Films with a Rajinikanth film; Thalaivar 173 announced.

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക എന്നാണ് സൂചന. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ “എവെരി ഫാമിലി ഹാസ് എ ഹീറോ” എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും “തലൈവർ 173” ൽ ജോയിൻ ചെയ്യുക. തമിഴ് സിനിമയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം ഈ വർഷം ആദ്യ പാദത്തിൽ തന്നെ ചിത്രീകരണം ആരംഭിക്കും.

അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങാൻ പോകുന്നത്. തെരി, മെർസൽ എന്നീ ചിത്രങ്ങളിൽ ആറ്റ്ലിയുടെ സംവിധാന സഹായി ആയിരുന്ന സിബി ചക്രവർത്തി, 2022 ൽ റിലീസ് ചെയ്ത ‘ഡോൺ’ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആ ചിത്രത്തിന് ശേഷം സിബി ഒരുക്കാൻ പോകുന്ന തന്റെ രണ്ടാമത്തെ ചിത്രമാണ് “തലൈവർ 173” . ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാവും ഈ ചിത്രം ഒരുങ്ങുക എന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നാണ് വിവരം. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Story highlights: Kamal Haasan’s Raaj Kamal Films with a Rajinikanth film; Thalaivar 173 announced.