ഡിസംബർ 11ന്‘ ജെന്റിൽമാൻ ‘ വീണ്ടും തിയേറ്ററുകളിലേക്ക് ’; റീ റിലീസ് തീയതി പ്രഖ്യാപിച്ച് ‘ ‘ മെഗാ പ്രൊഡ്യൂസർ ‘ കെ.ടി. കുഞ്ഞുമോൻ !
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. വരുന്ന ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് ‘ മെഗാ പ്രൊഡ്യൂസർ ‘ കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു. തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർത്ത സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ജെന്റിൽമാൻ’. ‘ആക്ഷൻ കിംഗ് ‘ അർജുൻ നായകനായി എത്തിയ ചിത്രം അക്കാലത്ത് ലോകമെമ്പാടും ബോക്സ് ഓഫീസിൽ വൻ വിജയമാണ് സ്വന്തമാക്കിയത്.
മികച്ച ആക്ഷൻ രംഗങ്ങളും പ്രണയവും സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ഒത്തുചേർന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ‘ജെന്റിൽമാന്റെ’ റീ റിലീസ് പ്രഖ്യാപനം പഴയകാല സിനിമാപ്രേമികൾക്കും പുതിയ തലമുറയിലെ പ്രേക്ഷകർക്കും ഒരുപോലെ ആവേശം പകരുന്നതാണ്. എ.ആർ. റഹ്മാൻ ഒരുക്കിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളും ശങ്കറിന്റെ വ്യത്യസ്തമായ മേക്കിങ്ങും അർജുന്റെ തകർപ്പൻ പ്രകടനവും വീണ്ടും തിയേറ്ററിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
Read also- ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ പൂർത്തിയായി
ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച ചിത്രത്തിൽ മധുബാല, വിനീത്, എം.എൻ.നമ്പ്യാർ ,രാജൻ. പി. ദേവ്, ചരൺ രാജ്, അജയ് രത്നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പ്രഭു ദേവയും ഗൗതമിയും നൃത്തം വെച്ച ‘ ചിക്കു പുക്ക് റെയിലെ ‘ ഗാനരംഗം തലമുറകളെ താണ്ടി ഇന്നും ആസ്വദിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.ബാല കുമാരനാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത്. വാലി, വൈരമുത്തു എന്നിവരാണ് ഗാനങ്ങൾ രചിച്ചത് . തോട്ടാ ധരണി കലാസംവിധാനവും , വി.ടി. വിജയൻ, ബി. ലെനിൻ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചു.
4K അൾട്രാ എച്ച്ഡി ദൃശ്യാനുഭവത്തോടെയും 7.1 സറൗണ്ട് സൗണ്ട് ആധുനിക ശബ്ദമികവോടെയുമാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ഡിസംബർ 11ന് ലോകമെമ്പാടും റീ റിലീസ് ചെയ്യുന്ന ‘ജെന്റിൽമാൻ’, തൊണ്ണൂറുകളിലെ തമിഴ് സിനിമയുടെ സുവർണകാല ഓർമ്മകളെ വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ്.
പിആർഒ: നിയാസ് നൗഷാദ്
Story Highlights: Gentelman movie re- release update






