ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽഎത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അതേസമയം ആരാധകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി. “പ്രിയമുള്ളവരേ നിങ്ങൾ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരിൽ ഞങ്ങളുടെ ലൊക്കേഷൻ സ്റ്റിൽസ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയർ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു, അതുമൂലം ഞങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദയവു ചെയ്തു മനസിലാക്കുക, സിനിമയ്ക്ക് പിന്നിലെ ചിന്തകൾ നിങ്ങൾ മാനിച്ചു ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ച ചിത്രത്തിൽ പുതിയ ലുക്കിൽ താരം എത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത് . അരുൺ ഗോപി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.
കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സാഗർ ഏലിയാസ് ജാക്കി എന്ന അധോലോക നായകനായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. മുപ്പത്തതൊന്ന് വർഷങ്ങൾക്ക് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രണവ് വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.