‘പുരസ്‌കാര വേദിയിലെ വിവാഹാഭ്യർത്ഥന’; കൈയ്യടിച്ച് കാണികൾ..വൈറലായി വീഡിയോ

എമ്മി അവാർഡ് വേദിയെ പ്രണയാതുരമാക്കി സംവിധായകൻ ഗ്ലെൻ വെയ്‌സ്. അമേരിക്കയിലെ  ഏറ്റവും വലിയ സിനിമ രംഗത്തെ പുരസ്‌കാരമാണ് എമ്മി അവാർഡ്. കഴിഞ്ഞ ദിവസമായിരുന്നു എമ്മി അവാർഡ് വിതരണം നടന്നത്. ദി  ഓസ്‌കർസിലൂടെ വെറൈറ്റി സ്പെഷ്യൽ പുരസ്കാരം നേടിയ അമേരിക്കൻ സംവിധായകൻ ഗ്ലെൻ വെയ്‌സാണ് തന്റെ പ്രിയതമയെ വേദിയിൽ വെച്ച് ജീവിതത്തിലേക്ക് ക്ഷണിച്ചത്.

ലോകം മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. എങ്കിലും പുരസ്‌കാര വേദിയെ ഞെട്ടിക്കുന്നതായിരുന്നു വെയ്‌സിന്റെ ഈ പ്രകടനം. ആദ്യം അല്പമൊന്ന് ഞെട്ടിയെങ്കിലും പിന്നീട്    വിവാഹാഭ്യർത്ഥന നടത്തിയ സംവിധായകന് മുന്നിൽ സമ്മതം മൂളുകയായിരുന്നു യാൻ വെൺസെൻ.  പുരസ്‌കാര വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഗ്ലെൻ വിവാഹാഭ്യർത്ഥന നടത്തിയത്.

പുരസ്‌കാര വേദിയിലെ പ്രസംഗത്തിനിടെ അടുത്തിടെ മരിച്ച തന്റെ അമ്മയെകുറിച്ചു പറഞ്ഞ താരം വികാര ഭരിതനായി. അമ്മ മരിച്ചെങ്കിലും അവർ എന്നോടൊപ്പം തന്നെ ഉണ്ടെന്ന് പറഞ്ഞ ഗ്ലെൻ,  അമ്മ പലപ്പോഴും എന്നോട് എന്റെ സൺഷൈനെ കണ്ടെത്താൻ പറയുമായിരുന്നെന്നും, ഇപ്പോൾ ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും പറഞ്ഞു. വേദിയിൽ നിന്നും സൺഷൈൻ എന്നാണ് ഗ്ലെൻ യാനെ വിശേഷിപ്പിച്ചത്.

വേദിയിലേക്ക് കയറിവന്ന യാനെ നോക്കി, എന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മയ്ക്ക് സമ്മാനിച്ച വിവാഹ മോതിരം ഞാൻ നിന്നെ അണിയിക്കുകയാണെന്നും ഗ്ലെൻ പറഞ്ഞു. തുടർന്ന് ഇരുവരുടെയും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾക്ക് പുരസ്‌കാര വേദി സാക്ഷിയാകുകയായിരുന്നു.