കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവരുടെ കഥയുമായി ‘ശബ്ദം’

October 6, 2018

കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവരുടെ കഥ പറയുന്ന പുതിയ ചിത്രം വരുന്നു. ‘ശബ്ദം’ എന്നാണ് ചിത്രത്തിന്റെ പേര്. മാധ്യമപ്രവര്‍ത്തകനായ പികെ ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശബ്ദം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അച്ഛനും അമ്മയും ഏകമകനും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതമാണ് ഈ ചിത്രം. ഈ കുടുംബം നേരിടുന്ന വെല്ലുവിളികളും ഒറ്റപ്പെടലുകളുമൊക്കെയാണ് ചിത്രം പറയുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചിത്രത്തിലെ നായകനും വില്ലനുമെല്ലാം ശബ്ദം തന്നെ.

ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമെല്ലാം പുതുമുഖങ്ങളാണ്. ചക്രപാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയന്ത് മാമ്മന്‍ ആണ്. കേള്‍വിയും സംസാരശേഷിയുമില്ലാത്ത സോഫിയ, റിച്ചാര്‍ഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ മാതാവ് റൂബി തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ബിച്ചുതിരുമലയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ബിജീബാലാണ് സംഗീതം. തിരുവനന്തപുരത്തും പരിസരത്തുമായിരുന്നു ശബ്ദത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഉടന്‍ തീയറ്ററുളിലെത്തും.