പേടിക്കണം ചൂടിനെ; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചുവരികയാണ്. ചൂട് കൂടിയാൽ മരണം വരെ സംഭവിയ്ക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. സൂര്യാഘാത മുന്നറിയിപ്പ് നാലു ദിവസം കൂടി നീട്ടിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്.

കാലാവസ്ഥാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശപ്രകാരം രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയങ്ങളിൽ  സൂര്യനുമായി നേരിട്ടുള്ള സമ്പർക്കം കഴിവതും ഒഴിവാക്കണം. അതുകൊണ്ടുതന്നെ പുറത്ത് പണിയെടുക്കുന്നവർ ഈ സമയങ്ങളിൽ ജോലി ഒഴിവാക്കണം. അതുപോലെ ചൂട് കൂടുന്നതിനാൽ നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ വെള്ളം ധാരാളമായി കുടിയ്ക്കണം.

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ആശുപത്രികളിൽ ചികിത്സ തേടണം. ശരീരത്തിൽ കുമിളകൾ പോലെ എന്തെങ്കിലും പ്രത്യക്ഷപ്പെട്ടാൽ  വൈദ്യ സഹായം തേടണം. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. അയഞ്ഞ ലൈറ്റ് കളർ പരുത്തി അല്ലെങ്കിൽ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പകൽ സമയത്ത് ചായ കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കി കഴിവതും ജ്യൂസുകൾ കുടിക്കണം.

കുട്ടികൾ, പ്രായമായവർ, പുറത്ത് പണിയെടുക്കുന്നവർ എന്നിവർ പ്രത്യക ശ്രദ്ധ ചെലുത്തണം. ബാക്കിയുള്ളവരെ അപേക്ഷിച്ച് ഇവരിലാണ് പെട്ടന്ന് സൂര്യാഘാതം ഏൽക്കാൻ സാധ്യത. വാഹനങ്ങൾ വെയിലത്ത് പാർക്ക് ചെയ്യാൻ പാടില്ല. അതുപോലെ  കുട്ടികളെ തനിയെ വെയിലത്ത് വാഹനങ്ങളിൽ ഇരുത്തരുത്.

Read also: ചൂട് കൂടുന്നു, വരൾച്ച രൂക്ഷമാകുന്നു; പലയിടങ്ങളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷം

മഞ്ഞപിത്തം, ചിക്കൻ പോക്‌സ്, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ സാധ്യതയുള്ളതിനാൽ ശരീരം പോലെത്തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കഴിവതും പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. എപ്പോഴും കയ്യിൽ വെള്ളം കരുതുക. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദിവസം കുറഞ്ഞത് പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.