കിടിലന്‍ ഡാന്‍സുമായ് വിജയ് സേതുപതി; ശ്രദ്ധേയമായി ഗാനം

2019 ലെ ആദ്യ രജനീകാന്ത് ചിത്രമാണ് പേട്ട. റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും വീണ്ടും ശ്രദ്ധേയമാവുകയാണ് ചിത്രം. കാരണം മറ്റൊന്നുമല്ല പേട്ടയിലെ ഒരു ഗാനരംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയുടെ കിടിലന്‍ ഡാന്‍സ് തന്നെയാണ് ഈ പാട്ടിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ തീയറ്ററുകളിലെത്തിയപ്പോള്‍ സിനിമയില്‍ ഈ ഗാനം ഉല്‍പ്പെടുത്തിയിരുന്നില്ല.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പേട്ട. തമിഴകത്തെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രം തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. രജനീകാന്താണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കാര്‍ത്തിക് സുബ്ബരാജാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ജനുവരി പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്. റിലീസിങിന് മുന്നേതന്നെ തമിഴ് ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ച ചിത്രം കൂടിയാണ് പേട്ട. ഓള്‍ ഇന്ത്യ റേഡിയോ പട്ടികയില്‍ ഇടം നേടുന്ന ആദ്യ തമിഴ് സിനിമയെന്ന ചരിത്രനേട്ടമാണ് പേട്ട സ്വന്തമാക്കിയത്.

Read more:”ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല”; ചേട്ടനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍: വീഡിയോ

സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് ‘പേട്ട’ എന്ന സിനിമയില്‍ രജനീകാന്ത് പ്രത്യക്ഷപ്പെട്ടത്.  വിജയ് സേതുപതി പേട്ടയില്‍ അവതരിപ്പിച്ചതും ഒരു സുപ്രധാന കഥാപാത്രത്തെ തന്നെയാണ്.  ചിത്രത്തില്‍ നായികമാരായി എത്തുന്നത് സിമ്രാനും തൃഷയുമാണ്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.  രണ്ട് മിനിറ്റില്‍ കുറവ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ഗാനം.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.