കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി വൈഫൈ

May 27, 2019

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം ലഭ്യമാക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കണ്ണൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നുമുതലായിരിക്കും വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് വൈഫൈ സൗകര്യം ലഭ്യമാക്കുക. അതേസമയം ആദ്യ മുപ്പത് മിനിറ്റ് സോവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 20 രൂപ വീതം ഈടാക്കും.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ മാത്രമായിരിക്കും വൈഫൈ സേവനം ലഭ്യമാവുക. യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കും വൈഫെ ഉപയോഗിക്കാം. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ടെര്‍മിനലിന് പുറത്തോക്കും വൈഫൈ സേവനം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. അതേസമയം യാത്രക്കാര്‍ക്കുള്ള പുതിയ വിശ്രമകേന്ദ്രവും അടുത്ത മാസം മുതല്‍ സജീവമാകുമെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more:സച്ചിന്റെ ആ സൂപ്പര്‍ ഫാന്‍ ഈ ലോകകപ്പിനും സാക്ഷിയാകും

ലോകോത്തര നിലവാരത്തിലുള്ള കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ചില പ്രത്യേകതകള്‍ നോക്കാം.
* 3050 മീറ്റര്‍ റണ്‍വേ
* 20 വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം
*ആറ് എയ്‌റോബ്രിജുകള്‍
* നാവിഗേഷനു വേണ്ടി പ്രത്യേക ഡിവിഒആര്‍ സംവിധാനം
* ഉന്നത നിലവാരത്തിലുള്ള ഫയര്‍ എഞ്ചിനുകള്‍
* ഒരു ലക്ഷം സ്‌ക്വയര്‍ മീറ്ററിലധികം വിസ്തൃതിയുള്ള ടെര്‍മിനല്‍
* 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍
* 16 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍
* 8 കസ്റ്റംസ് കൗണ്ടറുകള്‍
* ഇന്‍ലൈന്‍ എക്‌സ്‌റേയും സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യവും
* സെല്‍ഫ് ബഗേജ് ഡ്രോപ്പ് സൗകര്യം
* അതിവിശാലമായ പാര്‍ക്കിങ് സൗകര്യം700 കാറുകളും 200 ടാകസികളും 25 ബസുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം.