തടയാം മഴക്കാല രോഗങ്ങളെ; എടുക്കാം ചില മുൻകരുതലുകൾ

June 4, 2019

മഴ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ എടുക്കാം മഴക്കാല രോഗങ്ങളിൽ നിന്നും ചില മുൻകരുതലുകൾ. കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ ഒരുപരിധി ഇല്ലാതാക്കാം. ചില വേനൽക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ.

മഴക്കാലം എത്തുന്നതോടെ പകർച്ചവ്യാധികളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം.   കെട്ടികിടക്കുന്ന മലിനജലത്തിൽ നിന്നുമാണ് കൊതുകുകൾ പെറ്റുപെരുകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും പരിസരത്തിലും കൊതുകിന് വളരാൻ സാഹചര്യം ഉണ്ടാക്കികൊടുക്കില്ലായെന്ന് ഉറപ്പുവരുത്തണം. കൊതുകിനെ നിയന്ത്രിക്കുന്ന ക്രീമുകള്‍ തേക്കുകയും കൊതുകു വലകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ കൊതുകിനെ പ്രതിരോധിക്കാം.

മഴക്കാലത്ത് ഏറ്റവുമധികം കരുതൽ വേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. ചൂടാക്കിയതും, മൂടി വച്ചതുമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. പഴക്കമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കണം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക. വിറ്റാമിനന്‍ സി രോഗപ്രതിരോധ ശേഷി കൂട്ടും.

Read also: ‘നിപ’; വ്യാജ പ്രചരണങ്ങളിൽ അകപ്പെടാതിരിക്കാൻ….

ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ രോഗിയുമായി നേരിട്ടുള്ള ബന്ധം കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണം.