‘മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക നമ്മുടെ കൂടെ നില്‍ക്കും’: രമേശ് പിഷാരടി

July 22, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതോസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മമ്മൂട്ടിയെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെ വാക്കുകള്‍. ഫെയ്‌സ്ബുക്കിലാണ് മമ്മൂട്ടിയെക്കുറിച്ച് ഹൃദ്യമായൊരു കുറിപ്പ് രമേശ് പിഷാരടി പങ്കുവച്ചത്.

“ഗാനഗന്ധര്‍വനില്‍ മമ്മൂക്കയുള്ള സീനുകളുടെ ചിത്രീകരണം പൂര്‍ത്തിയായി..
അഭിനയ വഴികളില്‍ എന്നും പുതുമകള്‍ സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ കലാസദന്‍ ഉല്ലാസ് ആയി പകര്‍ന്നാട്ടം നടത്തിയ കഴിഞ്ഞ കുറേ ദിനങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളും, അറിവുകളുമേകി…

‘മമ്മൂക്കയെ വച്ചൊരു പടം എടുക്കണം എന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക നമ്മുടെ കൂടെ നില്‍ക്കും”. രമേശ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേശ് പിശാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തികച്ചും വിത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുറ്റിത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക.

മുകേഷ്, ഇന്നസെന്റ് സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്.

Read more:‘അണ്ണാ നീങ്ക എന്‍ ഉയിര്‍’ എന്ന് ആരാധകന്‍, ‘ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുക്ക്’; കിടിലന്‍ മറുപടിയുമായി വിക്രം

അതേസമയം ഉണ്ട എന്ന സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ അവസാന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. . ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും സസ്‌പെന്‍സുംമെല്ലാം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മനോഹരമായ കഥാപ്രമേയംതന്നെയാണ് ചിത്രത്തിന്റേത്. ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അടുത്തിടെ ഈ ചിത്രത്തിന്റെ വിജയവും ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ആഘോഷിച്ചിരുന്നു.