പുതിയ ലുക്കിൽ വിജയ് സേതുപതി; അത്ഭുതപ്പെട്ട് ആരാധകർ

ഇന്ത്യ മുഴുവൻ ആരാധകരുള്ള കഥാപാത്രമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ഈ ഇഷ്ടംകൊണ്ടുതന്നെ. വിജയ് സേതുപതി വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളും നിരവധിയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് വിജയ് സേതുപതിയുടെ തികച്ചും വിത്യസ്തമായൊരു ലുക്ക്. താരത്തിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഏറെ അന്തരം പുലര്‍ത്തുന്നുണ്ട് പുതിയ മേയ്ക്ക് ഓവര്‍. ചിത്രത്തിൽ ഒരു ഭിക്ഷക്കാരന്റെ ലുക്കിലാണ് താരം എത്തുന്നത്.

കടാസി വ്യവസായി എന്ന ചിത്രത്തിന് വേണ്ടിയാണ് താരം പുതിയ രൂപത്തിലെത്തുന്നത്. എം മണികണ്ഠനും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘ആണ്ടവൻ കട്ടളെ’ എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

അതേസമയം വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലാബം’. എസ് പി ജനനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലാബത്തിലെ വിജയ് സേതുപതിയുടെ കാരക്ടര്‍ പോസ്റ്ററാണ് സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ലുക്കാണ് താരത്തിന്റെത്. ഒറ്റ നോട്ടത്തില്‍ വിജയ് സേതുപതിയാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. അതിന് തൊട്ടുപിന്നാലെയാണ് ആരാധകരെ ഞെട്ടിക്കുന്ന പുതിയ ചിത്രവുമായി താരമെത്തുന്നത്. ഇതോടെ ഇതൊക്കെ എങ്ങനെ സാധിക്കുവെന്നാണ് ആരാധകരുടെ സംശയം.

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് മക്കള്‍ സെല്‍വന്‍. മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം. ‘മാര്‍ക്കോണി മത്തായി’ എന്നാണ് ചിത്രത്തിന്റെ പേര്. മാര്‍ക്കോണി മത്തായി ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം മികച്ച സ്വീകാര്യത നേടുന്നുണ്ട്.