ജൂനിയർ ആർട്ടിസ്റ്റ് മുതൽ കാട്ടാളൻ പൊറിഞ്ചുവരെ; ജോജു നടന്നുകയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്ക്

മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് എന്ന നടനിപ്പോൾ സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്… ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും ഹാസ്യ കഥാപാത്രമായുമൊക്ക വെള്ളിത്തിരയിൽ പരീക്ഷണങ്ങൾ നടത്തിയ ജോജു പ്രധാന കഥാപാത്രമായി എത്തിയ ‘ജോസഫും’, ‘പൊറിഞ്ചു മറിയം ജോസു’മെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.

എന്നാൽ ജോജു ജോർജ് എന്ന നടനെ വെള്ളിത്തിരയിൽ ആദ്യമായി കണ്ടതെപ്പോഴാണെന്ന് മലയാളികൾക്ക് അത്രപെട്ടെന്ന് ഓർത്തെടുക്കാൻ കഴിയില്ല. നായകന്റെയും വില്ലന്റെയുമൊക്കെ പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ജോജുവിന്റെ വളർച്ച മലയാള സിനിമയുടെ അഭിമാനത്തിലേക്കാണ് എത്തപ്പെട്ടത്.

മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അടുത്തിടെ  ജോജു എന്ന നടനെ തേടിയെത്തിയിരുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്‌കാരം ലഭിച്ചത്. മലയാള സിനിമ ഇനി അടക്കി വാഴുക ജോജു ജോർജ് എന്ന നടൻ തന്നെ’..’ജോസഫ്’ എന്ന ചിത്രത്തിന് ശേഷം മലയാളികൾ ഒന്നടങ്കം പറഞ്ഞ ആ വാക്കുകൾ വീണ്ടും ആവർത്തിക്കപ്പെട്ട ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയംജോസ്.’

മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നടനായി മാറിയ ജോജു ജോർജ് ഒരു ഡയലോഗ് പോലുമില്ലാത്ത, ഒരു ക്ലോസപ്പ് ഷോട്ടുമില്ലാത്ത നിരവധി ചിത്രങ്ങളിൽ ആൾക്കൂട്ടത്തിലെ ഒരുവനിൽ നിന്ന് തിരിച്ചറിയപ്പെടുന്ന നടനിലേക്കും, അവിടുന്ന് മുഖ്യകഥാപാത്രത്തിലേക്കും, മികച്ച സ്വഭാവ നടനിലേക്കും ഒപ്പം പ്രേക്ഷക ഹൃദയത്തിലേക്കും നടന്നുകയറി.

മമ്മൂട്ടി പ്രധാന കഥാപാത്രമായി 2000 ൽ പുറത്തിറങ്ങിയ ‘ദാദാസാഹിബ്’ എന്ന ചിത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട ജോജുവിനെ അന്ന് ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ആ കമാൻഡോയിൽ നിന്നും ഇന്നത്തെ പൊറിഞ്ചുവായി മാറിയ ജോജുവിന്റെ വളർച്ചയ്ക്ക് ഏകദേശം 20 വർഷത്തിന്റെ നീളമുണ്ട്‌.

പിന്നീട് മമ്മൂട്ടിയുടെ തന്നെ ‘ബെസ്റ്റ് ആക്ടർ’ എന്ന ചിത്രത്തിലെ ജോജുവിന്റെ കഥാപാത്രത്തെ മലയാളികൾക്ക്  സുപരിചിതമാണ്. ‘നേര’ത്തിലെ നിവിൻ പോളിയുടെ അളിയനായി എത്തിയ ജോജുവും ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന ചിത്രത്തിലെ ചക്കസുകുവും ‘ലുക്കാചുപ്പി’യിലെ റഫീക്കിനുമൊപ്പം  ‘ആക്ഷൻ ഹീറോ ബിജു’വിലെ മിനിമോനും ‘ഒരു സെക്കന്റ് ക്ലാസ്’ യാത്രയിലെ പോലീസുകാരനുമൊക്കെ പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രങ്ങൾ തന്നെ.

എന്നാൽ പത്മകുമാർ സംവിധാനം ചെയ്ത ജോസഫിലൂടെ പ്രധാന കഥാപാത്രമായി വേഷമിട്ട ജോജുവിന്റെ വളർച്ച മലയാള സിനിമയിൽ കുറിച്ചത് പുതിയൊരു അധ്യായമായിരുന്നു. സനൽ കുമാർ ശശിധരന്റെ ‘ചോല’യിലെ ജോജുവിന്റെ കഥാപാത്രത്തെയും ആഷിഖ് അബു സംവിധാനം നിർവഹിച്ച ‘വൈറസി’ലെ ബാബുവിനെയും ‘ജൂണി’ലെ ജോയ് കളരിക്കലിനേയുമൊക്കെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ജോജുവിന്റെ മികച്ച കഥാപാത്രങ്ങൾക്കായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ…