രക്ഷാപ്രവർത്തകരെ കാത്തുനിൽക്കാതെ കോൺക്രീറ്റ് പാളികൾക്കിടയിൽ സ്വന്തം കുഞ്ഞിനെതിരഞ്ഞ് ഒരച്ഛൻ

August 11, 2019

കേരളം വീണ്ടുമൊരു മഹാദുരന്തത്തിൻ കൂടി സാക്ഷികളായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി ആളുകളാണ് ജീവൻ നഷ്ടപെടുന്നത്. മലപ്പുറം കവളപ്പാറയിലെ മണ്ണിടിച്ചിലിൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം തുടങ്ങാൻ കഴിയാതിരുന്ന കവളപ്പാറയിൽ സ്വന്തം മകൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഒരച്ഛൻ കേരളത്തിന് മുഴുവൻ വേദനയാകുകയാണ്.

വിക്ടർ കഴിഞ്ഞ രാത്രി മുഴുവൻ വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ മകളെ തിരയുകയായിരുന്നു. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ എത്തിയ നാട്ടുക‌ാർ കാണുന്നത് മകളെ തിരഞ്ഞ് കോൺക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്.

ഇന്നലെ മുത്തപ്പൻ മല ഇടിഞ്ഞ് വീണത് വിക്‌ടറിന്റെ കുടുംബത്തിന് മുകളിലേക്കാണ്. അവിടെ കെട്ടിപിടിച്ച് കിടക്കുകയായിരുന്ന രണ്ട് കുട്ടികളിൽ ഒരാളെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നു. എന്നാൽ വിക്‌ടറിന്റെ മകളെ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടെ തുടരാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇവരെ കാത്തുനിൽക്കാതെ കനത്ത മഴയും മണ്ണിടിച്ചിൽ മുന്നറിയിപ്പുമെല്ലാം അവഗണിച്ച് സ്വന്തം നിലയ്ക്ക് കോൺക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിക്ടർ.