കണ്ണീരിലാഴ്ത്തി മഴക്കെടുതി; വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച കണ്മണി നഷ്ടപെട്ടതറിയാതെ ഒരമ്മ

August 9, 2019

‘ഉമ്മച്ചി എനിക്ക് ഉറക്കം വരുന്നു, ഉമ്മച്ചി എന്നെയൊന്ന് കെട്ടിപ്പിടിച്ച് കിടക്കുവോ..ഉറങ്ങാൻ പറ്റണില്യ.. ‘ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന മഴക്കെടുതിയുടെ വാർത്തകളിൽ നിന്നും ഞെട്ടിപ്പിക്കുന്നതാണ് മുനീറയുടെയും ഷൗക്കത്തിന്റെയും കുഞ്ഞുമകന്റെ മരണവാർത്ത.

പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുനീറയ്ക്കും ഭർത്താവ് ഷൗക്കത്തിനും കുഞ്ഞ് ജനിക്കുന്നത്. ഇന്നലെ മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം വരുന്ന പ്രദേശം  ഉരുൾപൊട്ടി ഇല്ലാതായിരുന്നു. ഈ അപകടത്തെത്തുടർന്ന് നിരവധി വീടുകളും ആളുകളുമാണ് അപകടത്തിൽ പെട്ടത്. വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വലിയ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്.

കണ്മുന്നിൽ സംഭവിച്ച അപകടത്തെക്കുറിച്ച് മുനീറ ട്വന്റി ഫയർ ന്യൂസിന് ബൈറ്റ്  നൽകിയിരുന്നു. ചായക്കട നടത്തുന്ന മുനീറയും ഭർത്താവും വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് നാട്ടുകാർക്കൊപ്പം ഓടി രക്ഷപെടുകയായിരുന്നു, എന്നാൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇവർക്ക് എടുക്കാൻ സാധിച്ചില്ല. കെട്ടിടം ഇടിഞ്ഞുവീണത്തിനെത്തുടർന്ന് കുഞ്ഞും മരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് മരിച്ചതറിയാതെ അപകടത്തിൽ പരിക്കേറ്റ മുനീറയും ഭർത്താവും വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.