ഏത് പ്രായത്തിലും ആരോഗ്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

September 21, 2019

നല്ല ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകുകയുള്ളൂ. എന്നാൽ പ്രായമായി ഇനിയിപ്പോ വേദനകളും അസുഖങ്ങളുമൊക്കെ ഉണ്ടാകുമെന്ന്  കരുതുന്നവരുമുണ്ട്. എന്നാൽ വാർധക്യത്തിലും ആരോഗ്യത്തോടെ ഇരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം. ആരോഗ്യവാന്മാരായി ഇരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. ഇപ്പോൾ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാൽ പ്രായമാകുന്നതോടെ പലർക്കും ഉറക്കം നഷ്ടപെടാറുണ്ട്. കൃത്യമായി വ്യായാമം ചെയ്താൽ ഇത് ഒരുപരിധിവരെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വർധക്യജനകമായ രോഗങ്ങൾ, ഉറക്കക്കുറവ്, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് വ്യായാമം. കൃത്യമായി വ്യായാമം ശീലിക്കുന്നവര്‍ക്ക് അകാല രോഗങ്ങളില്‍ നിന്നും മുക്തിയും പേശികളെ കരുത്തുറ്റതാക്കാനും സാധ്യമാകും, ഓര്‍മ്മശക്തിയെ ഉത്തേജിപ്പിക്കാനും, ഹൃദയത്തിന് കൂടുതല്‍ ഉന്മേഷം പകര്‍ന്ന് ഹൃദയാരോഗ്യം നല്‍കുന്നതിനും വ്യായാമത്തിലൂടെ സാധ്യമാകും. അതുപോലെ വ്യായാമം ഹൃദയ രോഗങ്ങളെ അകറ്റുന്നു. ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നത്തിനും വ്യായാമം സഹായിക്കുന്നു. ആവശ്യത്തിനു വെള്ളം കുടിയ്ക്കുന്നത് മൂലം നമ്മുടെ തലച്ചോറിനു ചിന്ത, ശ്രദ്ധ, ഏകാഗ്രത എന്നിവയ്ക്കുള്ള കഴിവ് കൂടുന്നു. വെള്ളം കുടിയ്കുന്നത് മൂലം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല പോലെ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ വിഷ വസ്തുക്കള്‍ മൂത്രത്തിലൂടെ പുറത്തേക്ക് പോകും.