അത്ര നിസാരമായി കാണരുത് തോളുവേദനയെ…

ശരീരമനങ്ങാതെ ഇരുന്ന് ജോലി ചെയ്യുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കാണ് കരണമാകുന്നത്. ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഒന്നും രണ്ടുമല്ല നിരവധി രോഗങ്ങളാണ് നിങ്ങൾ കൂടെ കൂട്ടിയിരിക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം,ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങളാണ് നിങ്ങളെ പിടികൂടുക. ഇതിൽ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് കഴുത്ത് വേദന, അല്ലെങ്കിൽ തോളുവേദന.

തൊഴിൽ രീതികളും ജീവിത ശൈലികളും വ്യായാമക്കുറവുമാണ് കഴുത്ത് വേദനയ്ക്ക് പ്രധാന കാരണങ്ങൾ. ഒക്യുപേഷൻ ഓവർയൂസ് സിൻഡ്രം എന്നറിയപ്പെടുന്ന ഈ മസ്കുലോസ്ക്കെൽറ്റൽ പ്രശ്നമാണ് ഇതിന് കാരണം. സ്ഥിരമായി ഒരു ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ചലനത്തിലൂടെ പേശികളിലും സ്നായുക്കളിലും പ്രവർത്തനക്കുറവും വലിച്ചിലും ഉണ്ടാകുന്നു. ഇത് ക്രമേണ വേദനയിലേക്ക് നയിക്കും. കഴുത്തിലും കൈകളിലും ഉണ്ടാകുന്ന കഴപ്പ്, വേദന, മരവിപ്പ് എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരിലാണ് ഇത് കണ്ടുവരുന്നത്. കഴുത്തിന് പിന്നിൽ അനുഭവപ്പെടുന്ന ഈ വേദനയെ നിസാരമായി കാണരുത്. കഴുത്തിന്റെ എല്ലിന് തേയ്മാനം സംഭവിക്കുന്നതാണ് കഴുത്ത് വേദനയ്ക്ക് പ്രധാന കാരണം. ഏഴു കശേരുക്കൾ ചേർന്നാണ് കഴുത്തിനെ താങ്ങി നിർത്തുന്നത്. ഇവയ്ക്ക് ഏൽക്കുന്ന ചെറിയ ക്ഷതങ്ങളും കഴുത്ത് വേദനയ്ക്ക് കാരണമാകുന്നുണ്ട്. കഴുത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചാലും കഴുത്ത് വേദനിക്കാറുണ്ട്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും തോളുവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമാത്രമല്ല സ്ഥരിമായി ഓരേ ദിശയിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ജോലി ചെയ്യുന്നവര്‍ക്കും തോളുവേദന ഉണ്ടാകും. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

തോളുവേദന അനുഭവിക്കുന്നവര്‍ വൈദ്യ പരിശോധനയിലൂടെ  വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് ആവശ്യമായ ചികിത്സയും ശ്രദ്ധയും ലഭ്യമാക്കിയാല്‍ തോളുവേദനയെ ഭയപ്പെടേണ്ടി വരില്ല. എന്നാൽ മിക്കവരും ഇതിനെ നിസാരമായി കാണാറാണ് പതിവ്. എന്നാൽ രോഗം മൂർച്ഛിക്കുന്നതിന് മുൻപ് തന്നെ വേണ്ടവിധത്തിൽ ഇതിനെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ അസുഖത്തെ ഇല്ലാതാക്കാം.