മനോഹരമായ ആലാപനത്തിനൊപ്പം കുസൃതിച്ചിരിയുമായി അനന്യക്കുട്ടി; ശ്രദ്ധ നേടി ‘ബൗ ബൗ’ സോങ് മേക്കിങ് വീഡിയോ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഓരോ കുട്ടിപ്പാട്ടുകരും ആസ്വാകര്‍ക്ക് സമ്മാനിക്കുന്നത് മനോഹരമായ സംഗീതവിരുന്നാണ്. ഇപ്പോഴിതാ ടോപ് സിംഗര്‍ പരിപാടിയിലെ കുട്ടിത്താരം അനന്യ ആലപിച്ച സിനിമാ ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സണ്ണി വെയ്ന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. അനന്യക്കുട്ടിയുടെ കുസൃതിച്ചിരിയും മേക്കിങ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നു. അനന്യയും കൗഷിഖ് മേനോനും ചേര്‍ന്നാണ് ചിത്രത്തിലെ ഈ ‘ബൗ ബൗ…’ ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍ മുരളീധരനാണ് സംഗീത സംവിധായകന്‍. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍.

പ്രിന്‍സ് ജോയ് ആണ് ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മാണം.

Read more: വര്‍ഷങ്ങള്‍ക്കിപ്പുറം ശോഭനയും സുരേഷ് ഗോപിയും ഒരുമിച്ച് സ്‌ക്രീനില്‍, കൂട്ടിന് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രയദര്‍ശനും; മനോഹരം ഈ ഗാനം

’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഗൗരി ജി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ’96’ ല്‍ ഗൗരി അവിസ്മരണീയമാക്കിയിരുന്നു. പ്രേക്ഷകരും ഗൗരിയെ അഭിനന്ദിച്ച് രംഗത്തത്തി. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു.

സണ്ണി വെയ്‌നും ഗൗരിക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ‘അനുഗ്രഹീതന്‍ ആന്റണി’യില്‍. സിദ്ദിഖ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു, മുത്തുമണി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രമായെത്തുന്നു.