‘അന്നും ഇന്നും’; ശ്രദ്ധ നേടി പൃഥ്വിരാജിനൊപ്പമുള്ള സാബുമോന്റെ രണ്ട് മേക്ക് ഓവറുകള്‍

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും 10 ഇയര്‍ ചലഞ്ച്, ഫൈവ് ഇയര്‍ ചലഞ്ച് തുടങ്ങിയ ഇയര്‍ ചലഞ്ചുകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ചലച്ചിത്രതാരം സാബു മോന്റെ 18 ഇയേഴ്‌സ് ചലഞ്ചാണ് ശ്രദ്ധ നേടുന്നത്.

2002-ല്‍ തിയേറ്ററുകളിലെത്തിയ ‘നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലേയും റിലീസിന് ഒരുങ്ങുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേയും സാബു മോന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലും താരത്തിനൊപ്പമുള്ളത് പൃഥ്വിരാജാണ്. ‘നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെയായിരുന്നു സാബുവിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം.

ആദ്യ ചിത്രത്തിനു ശേഷം ടെലിവിഷന്‍ രംഗത്തായിരുന്നു സാബു കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. എന്നാല്‍ അടുത്ത കാലയളുവുകളില്‍ തിയേറ്ററുകളിലെത്തിയ ‘ജനമൈത്രി’, ‘തൃശ്ശൂര്‍പൂരം’, ‘ധമാക്ക’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സാബു അവതരിപ്പിച്ചു.

അതേസമയം പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കുണ്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അന്നാ രേഷ്മാ രാജന്‍, സിദ്ദിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.