കൊറോണക്കാലത്ത് വിശന്നിരിക്കേണ്ട; കുറഞ്ഞ നിരക്കിൽ പൊതിച്ചോർ വീട്ടിൽ എത്തിച്ചുനൽകി ആലപ്പുഴയിലെ ഹോട്ടലുകൾ

കൊറോണക്കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ആളുകൾ. ഇതോടെ വീട്ടിൽ ഇരിക്കുന്നവർക്ക് ഹോം ഡെലിവറിയായി കുറഞ്ഞ നിരക്കിൽ പൊതിച്ചോർ എത്തിച്ചുനൽകുകയാണ് ആലപ്പുഴയിലെ ഹോട്ടൽ ജീവനക്കാർ.

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അത്യാവശ്യത്തിന് മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. ഭക്ഷണ ശാലകൾക്ക് നിയന്ത്രണങ്ങളോടെ മാത്രമേ തുറന്നു പ്രവർത്തിക്കാനും അനുമതിയുള്ളു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ വാങ്ങികൊണ്ടുപോയി വീട്ടിൽ ഇരുന്ന് കഴിക്കുകയോ ഹോം ഡെലിവറിയായി ഭക്ഷണം എത്തിച്ചുനൽകുകയോ വേണം. എന്നാൽ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാൻ ഹോം ഡെലിവറിയായി ഭക്ഷണം എത്തിച്ചുനൽകുകയാണ് ആലപ്പുഴയിലെ ഭക്ഷണശാലകൾ. പൊതിച്ചോറും കപ്പയും കറിയുമാണ് വീടുകളിൽ എത്തിച്ചുനൽകുന്നത്.

ജനകീയ അടുക്കള, ജനകീയ ഭക്ഷണശാല എന്നിവയുടെ നിശ്ചയിക്കപ്പെട്ട നമ്പറുകളിലേക്ക് വാട്സാപ്പ് സന്ദേശങ്ങൾ ആയോ അല്ലാതെയോ കൃത്യമായ മേൽവിലാസവും റൂട്ട് മാപ്പും അയച്ചുകൊടുത്താൽ ഭക്ഷണങ്ങൾ വീടുകളിൽ എത്തിച്ചുനല്കും. രാത്രി 8 മണി മുതൽ സന്ദേശങ്ങൾ അയക്കാം. പിറ്റേന്ന് ഉച്ചയോടെ ഭക്ഷണം വീട്ടിൽ എത്തും. പൊതിച്ചോറിന് 20 രൂപയാണ്. സർവീസ് ചാർജ് അഞ്ച് രൂപ. സ്പെഷ്യൽ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതിന് അധികം ക്യാഷ് നൽകണം.