മനസ്സ് വയ്ക്കാം കൊവിഡ് 19 നെ സ്വയം പ്രതിരോധിക്കാന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

April 8, 2020

വിവരങ്ങള്‍ക്ക് കടപ്പാട്- ഡോ. ജ്യോതിദേവ് കേശവദേവ്‌

വലിയൊരു പോരാട്ടത്തിലാണ് ലോകം. കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ദേശങ്ങളുടെയെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കേരളത്തിലും കൊറോണ വൈറസ് പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റേയും നേതൃത്വത്തില്‍ പുരോഗമിക്കുന്ന പ്രയത്‌നങ്ങള്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ കാര്യമായിത്തന്നെ സഹായിച്ചു.

സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അതുകൊണ്ടുതന്നെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണം എന്ന നിര്‍ദ്ദേശം പൂര്‍ണമായും പാലിക്കേണ്ട കടമ നാം ഓരോരുത്തര്‍ക്കും ഉണ്ട്. കൊറോണ അല്ലെങ്കില്‍ കൊവിഡ് എന്ന് കേള്‍ക്കുമ്പോഴേയ്ക്കും ആവലാതിപ്പെടേണ്ട ആവശ്യമില്ല. നമുക്ക് സ്വയം ചെറുക്കാനാകും ഈ മഹാമാരിയെ എന്ന ബോധ്യമുണ്ടാകാണം.

കൊറോണയെ സ്വയം ചെറുക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

-പാലിക്കാം നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കാന്‍ വീടുകളില്‍ കഴിയണം എന്ന് നിര്‍ദ്ദേശിക്കുമ്പോഴും പലരും അത് അനുസരിക്കാതെ പൊതുഇടങ്ങളിലേയ്ക്ക് ഇറങ്ങുന്നു. ഇത്തരം ചെയ്തികള്‍ ശരിയായ പ്രവണതയല്ല. രോഗവ്യാപനം തടയാന്‍ വേണ്ടിയാണ് വീട്ടിലിരിയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വായന, സംഗീതം, ചെറിയ കൃഷി, ചിത്രംരചന തുടങ്ങിയവയിലൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വീട്ടില്‍ ഇരിപ്പ് അത്ര ബുദ്ധിമുട്ടാവില്ല.

-വ്യക്തി ശുചിത്വം നിര്‍ബന്ധം
വീട്ടിലിരിക്കുകയാണെന്നു കരുതി ശുചിത്വത്തിന്റെ കാര്യത്തല്‍ വിട്ടുവീഴ്ച അരുത്. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കൈകകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവുമോ ഉപയോഗിച്ച് കഴുകണം. എപ്പോഴും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും സാനിറ്റൈസ് ചെയ്യുന്നത് നല്ലതാണ്. വ്യക്തി ശുചിത്വത്തിനൊപ്പം വീടും വൃത്തിയായി സൂക്ഷിക്കുക.

-മുടക്കരുത് മരുന്നും വ്യായാമവും
ദിവസേന കഴിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്. ഉദാഹരണത്തിന് രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍. വ്യായാമത്തിലും മുടക്കം വരുത്തരുത്. വീട്ടിലാണെങ്കിലും ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. അതോടൊപ്പംതന്നെ കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം. കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.

-അമിതമായ ഉത്കണ്ഠയും ദേഷ്യവും വേണ്ട
കോറോണ പിടിപെടുമോ എന്ന് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മതി. വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ അനാവശ്യമായി ഓരോരോ കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടേണ്ട. ദേഷ്യത്തെയും നിയന്ത്രിക്കുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും. അതുവഴി രോഗത്തെയും ചെറുക്കാം.

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. പനിയോ, ജലദോഷമോ ഒക്കെ ഉണ്ടങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഈ കാര്യങ്ങളിലെല്ലാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയാല്‍ കൊവിഡ് 19 എന്ന മഹാമാരിയെ നമുക്ക് സ്വയം ചെറുക്കാന്‍ സാധിക്കും.