”ലൂസിഫറി’ലെ കഥാപാത്രം എന്റെ വ്യക്തിത്വത്തിന് ചേർന്ന ഒന്നാണ്’- ചിരഞ്ജീവി

മലയാള സിനിമയിൽ വലിയ ഹിറ്റായി മാറിയ ചിത്രമാണ് ‘ലൂസിഫർ’. മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’, വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ്.

ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ‘സഹോ’ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വ്യകതമാക്കുകയാണ് ചിരഞ്ജീവി.

തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നൊരു കഥാപാത്രമാണ് ‘ലൂസിഫറി’ലേത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞു. ഇതോടെ അഭ്യൂഹങ്ങൾ നീങ്ങി ചിത്രം തെലുങ്കിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ചിരഞ്ജീവിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

‘ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ. ‘ലൂസിഫറി’ന്റെ റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.