കൊവിഡ്-19: കാസർകോട് നാളെ മുതൽ സമൂഹ വ്യാപന പരിശോധന

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ നാളെ മുതൽ സമൂഹവ്യാപന പരിശോധന ആരംഭിക്കും. കാസർകോട് ജില്ലയിലെ ഉദുമ പഞ്ചായത്തിലാണ് ആദ്യഘട്ട പരിശോധന നടത്തുക. ഇവിടെ 440 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.

രോഗലക്ഷണങ്ങൾ ഉള്ളവരുടേയും നിലവിൽ ക്വറന്റൈനിൽ കഴിയുന്നവരുടേയും സാമ്പിളുകളാണ് ശേഖരിക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് സമൂഹ സർവ്വേ നേരത്തെ നടത്തിയിരുന്നു.

നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാസർകോട് ജില്ലയിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളെ നാല് മേഖലകളായി തിരിച്ചിരിക്കുന്നതിൽ അതിതീവ്ര വിഭാഗമായ റെഡ് സോണിലാണ് കാസർകോട് ഉള്ളത്.